മനാമ: പ്രവാസി തൊഴിലാളികളിൽ സാമ്പത്തിക അവബോധം വളർത്തുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷനും (ICRF) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സാമ്പത്തിക ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 16 ഞായറാഴ്ച റാസ് സുവായ്ദിലെ നാസ് കോർപ്പറേഷൻ (Nass Corporation) ക്യാമ്പിൽ വെച്ച് നടന്ന ചടങ്ങിൽ നൂറിലധികം തൊഴിലാളികൾ പങ്കെടുത്തു.
തൊഴിലാളികളുടെ ദൈനംദിന ജീവിതത്തിന് ഉപകരിക്കുന്ന രീതിയിലാണ് ബോധവൽക്കരണ സെഷൻ ക്രമീകരിച്ചത്. വ്യക്തിഗത സാമ്പത്തിക മാനേജ്‌മെന്റ്, വരുമാനത്തിനനുസരിച്ചുള്ള ബജറ്റിംഗ്, സമ്പാദ്യം, കടബാധ്യതകൾ തീർക്കാനുള്ള വഴികൾ, ഇൻഷുറൻസ് പദ്ധതികൾ എന്നിവയെക്കുറിച്ചും സ്വന്തം രാജ്യത്ത് ലഭ്യമായ നിക്ഷേപ അവസരങ്ങളെക്കുറിച്ചും വിദഗ്ധർ ക്ലാസെടുത്തു.
കൂടാതെ വ്യാജ ഫോൺ കോളുകൾ, സാമ്പത്തിക തട്ടിപ്പുകൾ (Online Scram/Fraud), ബാങ്ക് വിവരങ്ങൾ കൈമാറുന്നതിലെ അപകടങ്ങൾ, ബ്ലേഡ് പലിശക്കാരുടെ കെണികൾ എന്നിവയെക്കുറിച്ചും തൊഴിലാളികൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകി.
ഐ.സി.എ.ഐ ബഹ്‌റൈൻ ചാപ്റ്റർ ചെയർപേഴ്‌സൺ സി.എ അനിൽ രതി, സി.എ കൗശലേന്ദ്ര മംഗ്ലൂനിയ, സി.എ അരുൺ കൊട്വാനി, സി.എ അനിമാ ജഗദീഷ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. തൊഴിലാളികൾക്ക് സാമ്പത്തിക സാക്ഷരത നൽകാൻ മുന്നോട്ടുവന്ന ഐ.സി.എ.ഐ ടീമിന് ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ നന്ദി അറിയിച്ചു. ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ച ഐ.സി.ആർ.എഫിനും ഐ.സി.എ.ഐക്കും നാസ് കോർപ്പറേഷൻ ഒക്യുപേഷണൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് റെജി അബ്രഹാം നന്ദി രേഖപ്പെടുത്തി.









