മനാമ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വഴി ലക്ഷക്കണക്കിന് രൂപ കവർന്ന ഏഷ്യൻ, ആഫ്രിക്കൻ സ്വദേശികളായ സംഘത്തെ ബഹ്റൈൻ പോലീസിന്റെ ആന്റി-ഇക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ടു വ്യത്യസ്ത കേസുകളിലായി അറസ്റ്റിലായ പ്രതികളിൽ നിന്ന് തട്ടിപ്പിലൂടെ നേടിയ 39,000 ബഹ്റൈൻ ദിനാറോളം (ഏകദേശം 85 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) അധികൃതർ പിടിച്ചെടുത്തു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഊർജ്ജിതമായ അന്വേഷണത്തിലാണ് തട്ടിപ്പുകാരെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ബഹ്റൈന് പുറത്തുള്ള രാജ്യാന്തര ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുമായി (Fraud Gangs) പ്രതികൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. പിടിയിലായവർക്കെതിരെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സോഷ്യൽ മീഡിയയിലൂടെയോ മെസ്സേജുകളിലൂടെയോ വരുന്ന സംശയാസ്പദമായ വിവരങ്ങളോടും അക്കൗണ്ടുകളോടും പ്രതികരിക്കരുതെന്നും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിശ്വസനീയത ഉറപ്പാക്കിയ ശേഷം മാത്രം പണമിടപാടുകൾ നടത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായാൽ 992 എന്ന ഹോട്ട്ലൈൻ നമ്പറിലോ MyGov ആപ്പ് വഴിയോ ഉടനടി റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.









