മനാമ: ഗൾഫ് ജീവിതത്തിന്റെ ചരിത്രവും സാമൂഹിക യാഥാർഥ്യങ്ങളും ആഴത്തിൽ അടയാളപ്പെടുത്തുന്ന ഇ. എ. സലീമിന്റെ ‘പൊന്നൊഴുകി വന്ന കാലം’ എന്ന നോവലിന്റെ ബഹ്റൈൻ തല പ്രകാശനം നടന്നു. ബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സമാജം ബാബുരാജൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സാഹിത്യ-സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
കുമാരി ഇഷ ആഷിക്കിന്റെയും മാസ്റ്റർ ഐഡൻ ഷിബുവിന്റെയും കവിതാലാപനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘സലാം ബഹ്റൈൻ’ സ്ഥാപക മീര രവിക്ക് പുസ്തകം കൈമാറിക്കൊണ്ട് അദ്ദേഹം നോവലിന്റെ പ്രകാശനം നിർവഹിച്ചു.
ബി.കെ.എസ് സാഹിത്യവേദി സെക്രട്ടറി വിനയചന്ദ്രൻ നായർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സമാജം ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ഏറ്റുവാങ്ങി.
ചടങ്ങിൽ അനീഷ് നിർമ്മലൻ പുസ്തകപരിചയവും സ്വപ്ന വിനോദ് വായനാനുഭവവും പങ്കുവെച്ചു. ഗൾഫ് മേഖലയിലെ ക്രൂഡ് ഓയിൽ ക്യാപിറ്റലിസത്തിന്റെ ചരിത്രവും അതിനിടയിൽ ജീവിച്ചുതീർത്ത മനുഷ്യരുടെ ജീവിതയാഥാർഥ്യങ്ങളും തനിമ ചോരാതെ ആവിഷ്കരിക്കുന്ന നോവൽ മലയാള സാഹിത്യത്തിന് മികച്ചൊരു വായനാനുഭവമാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.
സാഹിത്യപ്രേമികളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ സാഹിത്യവേദി കൺവീനർ ആദർശ് മാധവൻകുട്ടി നന്ദി രേഖപ്പെടുത്തി.









