മനാമ: പൊതുമേഖലാ ജീവനക്കാരന് കൈക്കൂലി നൽകാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ ബഹ്‌റൈൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ കീഴിലുള്ള ആന്റി കറപ്ഷൻ ക്രൈംസ് ഡയറക്ടറേറ്റാണ് പ്രതിയെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തന്റെ ഔദ്യോഗിക അപേക്ഷയിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കി നൽകുന്നതിന് പകരമായി പൊതുമേഖലാ ജീവനക്കാരന് പണം വാഗ്ദാനം ചെയ്യാനായിരുന്നു പ്രതിയുടെ ശ്രമം. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
അഴിമതി തുടച്ചുനീക്കുന്നതിന്റെയും സുതാര്യത ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് മന്ത്രാലയം കർശന നടപടി സ്വീകരിച്ചത്. അറസ്റ്റിലായ വ്യക്തിക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി കേസ് കൂടുതൽ അന്വേഷണങ്ങൾക്കും തുടർനടപടികൾക്കുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.









