മനാമ: ഒമാനിൽ നിന്നുള്ള പ്രമുഖ ഭക്ഷ്യ ഉൽപ്പന്ന നിർമ്മാതാക്കളായ നിസ്വ ഫുഡ് ഇൻഡസ്ട്രീസും ബഹ്റൈനിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ മാസയും തമ്മിൽ സഹകരണം ശക്തമാക്കുന്നതിനായി തന്ത്രപ്രധാന ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ഒമാനി ഉൽപ്പന്നങ്ങൾക്ക് ബഹ്റൈൻ വിപണിയിൽ കൂടുതൽ സ്വീകാര്യത ഉറപ്പാക്കാനും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് ഈ പങ്കാളിത്തം.
ബഹ്റൈൻ എക്സിബിഷൻ വേൾഡിൽ നടന്ന ആദ്യ എഡിഷൻ ‘മേഡ് ഇൻ ജി.സി.സി 2026’ ഫോറത്തിന്റെയും പ്രദർശനത്തിന്റെയും വേദിയിൽ വെച്ചാണ് കരാർ ഒപ്പുവെക്കപ്പെട്ടത്. നിസ്വ ഫുഡ് ഇൻഡസ്ട്രീസ് പബ്ലിക് റിലേഷൻസ് ആന്റ് അക്കൗണ്ട്സ് ഓഫീസർ ഇസ്മായിൽ നാസർ അൽ ഖത്രിയും, മാസ ജനറൽ മാനേജർ റഷാദ് ഇബ്രാഹിം സൈനലും തങ്ങളുടെ കമ്പനികളെ പ്രതിനിധീകരിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഈ കരാറിലൂടെ സുസ്ഥിരമായ ഒരു വാണിജ്യ പങ്കാളിത്തമാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ബഹ്റൈനിലെ ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണനിലവാരമുള്ള ഒമാനി ഫുഡ് പ്രൊഡക്റ്റുകൾ ലഭ്യമാക്കാനും ഇത് വഴിയൊരുക്കും. ബഹ്റൈൻ വിപണിയിലെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ജി.സി.സി രാജ്യങ്ങളിലുടനീളം തങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇസ്മായിൽ നാസർ അൽ ഖത്രി പറഞ്ഞു. ഒമാനി കമ്പനിയുമായി കൈകോർക്കുന്നതിലൂടെ ബഹ്റൈൻ ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്സുകൾ നൽകാൻ സാധിക്കുമെന്ന് മാസ ജനറൽ മാനേജർ റഷാദ് ഇബ്രാഹിം സൈനൽ അഭിപ്രായപ്പെട്ടു.
ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മഹത്തായ രക്ഷാകർതൃത്വത്തിൽ, ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രാലയവും ജി.സി.സി ജനറൽ സെക്രട്ടറിയേറ്റും സംയുക്തമായാണ് ‘മേഡ് ഇൻ ജി.സി.സി’ ഉച്ചകോടി സംഘടിപ്പിച്ചത്.









