മനാമ: കളിക്കളത്തിലെ രണ്ട് പതിറ്റാണ്ടിന്റെ ഓർമ്മകളും സൗഹൃദവും പങ്കുവെച്ച് ബഹ്‌റൈനിലെ പ്രമുഖ വോളിബോൾ കൂട്ടായ്മയായ ‘ആന്തലസ് വോളി സ്‌പൈക്കേഴ്‌സ്’ 20-ാം വാർഷികാഘോഷവും വോളി പ്രേമികളുടെ സംഗമവും മനാമയിൽ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. മനാമ എമിറേറ്റ്സ് ടവർ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ നിരവധിയായ കായിക പ്രേമികളും മുൻകാല പ്രമുഖ കളിക്കാരും പങ്കെടുത്തു.
ജാതി, മതം, ഭാഷ, രാഷ്ട്രീയം എന്നീ അതിർവരമ്പുകൾക്കപ്പുറം കായിക സൗഹൃദത്തിന്റെ കരുത്തിൽ ഒന്നിച്ച് നിൽക്കുന്ന വോളിബോൾ കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടിന്റെ ചരിത്രവും അനുഭവങ്ങളും സംഗമത്തിൽ പങ്കുവെക്കപ്പെട്ടു. കെ.സി.എ (KCA) വോളി ടീം ക്യാപ്റ്റനും സ്പോർട്സ് വിംഗ് കൺവീനറുമായ റയ്സൺ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജിസ് ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മജീദ് മൂലാട് സ്വാഗതം പറഞ്ഞു.
പ്രകാശ് വെള്ളികുളങ്ങര, പ്രേമൻ പെരുവയൽ, ഷാഫി കല്ലിയോട്ട്, വി.പി.സി. ഫൈസൽ, ജയകുമാർ വയനാട്, മനു ദേർമ്മൽ, നൗഫൽ വാളൂർ, വിനോദ് കല്ലേരി എന്നിവർ പഴയകാല കളിയോർമ്മകൾ പങ്കുവെച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ബഹ്‌റൈൻ എക്സ്പാട്രിയേറ്റ്സ് മെൻസ് ആൻഡ് വുമൺസ് വൺ ഡേ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ’ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നിർവ്വഹിച്ചു. തുടർന്ന് ‘ടീം ആരവം’ അവതരിപ്പിച്ച നാടൻപാട്ടും മജീദ് മൂലാടിന്റെ മാജിക് ഷോയും ഗാനമേളയും സദസ്സിന് വിരുന്നേകി. സ്വാഗതസംഘം കൺവീനർ അബ്ദുൽ ഇനായത്ത് നന്ദി രേഖപ്പെടുത്തി.









