മനാമ: ബഹ്റൈനിലെ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഫുഡ് ഔട്ട്ലെറ്റുകൾ എന്നിവയിൽ ലഭ്യമാക്കുന്ന ഭക്ഷണ വിഭവങ്ങളിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവും, അലർജിക്ക് കാരണമായേക്കാവുന്ന ചേരുവകളുടെ വിവരങ്ങളും വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ/മെനുകൾ നിർബന്ധമാക്കണമെന്ന നിർദ്ദേശവുമായി ഷൂറ കൗൺസിൽ. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 3,000 ബഹ്റൈൻ ദിനാർ വരെ കനത്ത പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ല് ഡോ. ജമീല അൽ സൽമാന്റെ നേതൃത്വത്തിലുള്ള അഞ്ച് ഷൂറ കൗൺസിൽ അംഗങ്ങളാണ് സമർപ്പിച്ചത്.
2018-ലെ 34-ാം നമ്പർ പൊതുജനാരോഗ്യ നിയമത്തിലാണ് പുതിയ ഭേദഗതികൾ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ഭേദഗതിയനുസരിച്ച്, ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യുന്നതിന് മുൻപ് തന്നെ ആഹാരത്തിലെ ചേരുവകളെക്കുറിച്ചും കലോറിയെക്കുറിച്ചും കൃത്യമായ ബോധ്യം നൽകേണ്ടത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായിരിക്കും. ഉപഭോക്താവിന് ശാരീരികമായി ബുദ്ധിമുട്ടുകളോ രോഗങ്ങളോ ഉണ്ടായാൽ മാത്രം നടപടിയെടുക്കുന്ന നിലവിലെ രീതിക്ക് പകരം, മെനുവിൽ വിവരങ്ങൾ ഉൾപ്പെടുത്താതിരുന്നാൽ തന്നെ ഇൻസ്പെക്ടർമാർക്ക് സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാം.
ചില ഭക്ഷണ ചേരുവകൾ ഉപഭോക്താക്കളിൽ ഗുരുതരമായ അലർജി അവസ്ഥകൾക്കും ജീവന് തന്നെ ഭീഷണിയാകുന്ന ആനാഫിലാക്സിസ് പോലുള്ള അവസ്ഥകൾക്കും കാരണമാകാറുണ്ടെന്ന് ഡോ. ജമീല അൽ സൽമാൻ ചൂണ്ടിക്കാട്ടി. കൃത്യമായ കലോറി വിവരങ്ങൾ നൽകുന്നത് ആളുകൾക്ക് ആരോഗ്യകരമായ ആഹാരരീതി തിരഞ്ഞെടുക്കാൻ സഹായകരമാകും. നേരത്തെ, റെസ്റ്റോറന്റ് വിഭവങ്ങളിൽ കലോറി പ്രദർശിപ്പിക്കുന്ന സംവിധാനത്തെക്കുറിച്ച് പഠിക്കാൻ രാജാവിന്റെ മാനുഷിക പ്രവർത്തന-യുവജന കാര്യ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ നിർദ്ദേശം നൽകിയിരുന്നു.
ചെറുകിട തട്ടുകടകൾ മുതൽ വൻകിട ഹോട്ടൽ ശൃംഖലകൾക്ക് വരെ ഒരുപോലെ എളുപ്പത്തിൽ പാലിക്കാനാകുന്ന ലളിതമായ മാനദണ്ഡങ്ങളാകും മന്ത്രാലയം ഇതിനായി തയ്യാറാക്കുക. ഔദ്യോഗിക ന്യൂട്രിഷൻ ചാർട്ടുകൾ ഉപയോഗിച്ച് കലോറിയും അലർജി ഉണ്ടാക്കുന്ന ചേരുവകളും കണ്ടെത്താൻ സ്ഥാപനങ്ങൾക്ക് സൗകര്യമൊരുക്കും.









