മനാമ: ബഹ്‌റൈൻ രാജ്യം ഒടുവിൽ ആഘോഷ നിറവിലേക്ക് കടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കച്ചവട മേഖലയ്ക്ക് വൻ ഇളവുകളുമായി വാണിജ്യ വ്യവസായ മന്ത്രാലയം. 2026 ഡിസംബർ 1 മുതൽ ഡിസംബർ 31 വരെ രാജ്യത്തെ വ്യാപാരികൾക്കും റീട്ടെയിൽ സ്ഥാപനങ്ങൾക്കും സാധാരണയായി ഈടാക്കുന്ന ഓഫർ/പ്രൊമോഷൻ ലൈസൻസ് ഫീസുകൾ പൂർണ്ണമായും ഒഴിവാക്കി നൽകും.
ഇതിനുപുറമെ, സ്ഥാപനങ്ങൾക്ക് തങ്ങളുടെ വാർഷിക ഡിസ്‌കൗണ്ട് ഓഫർ കാലാവധികൾ നീട്ടി നൽകാനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ബഹ്‌റൈനിലെ നാല് ഗവർണറേറ്റുകളിലുമുള്ള ചെറുതും വലുതുമായ എല്ലാ കച്ചവട സ്ഥാപനങ്ങളെയും ഈ ഇളവ് പ്രയോജനപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
സ്വകാര്യ മേഖലയുമായുള്ള സഹകരണം കൂടുതൽ ദൃഢമാക്കാനും ആഭ്യന്തര വിപണിയിൽ കച്ചവട കുതിപ്പ് ഉണ്ടാക്കാനും ഇത്തരം നടപടികളിലൂടെ സാധിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫഖ്‌റോ വ്യക്തമാക്കി. ഉപഭോക്താക്കളെ ആകർഷിക്കാൻ വിപുലമായ സമ്മാന നറുക്കെടുപ്പുകളും പ്രത്യേക ഡിസ്‌കൗണ്ടുകളും ഒരുക്കാൻ അദ്ദേഹം വ്യാപാരികളോട് ആവശ്യപ്പെട്ടു.
കച്ചവടക്കാർക്ക് അപേക്ഷാ നടപടികൾ എളുപ്പമാക്കുന്നതിനായി മന്ത്രാലയത്തിന്റെ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റാണ് ഈ സൗകര്യമൊരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി promotion_enquiries@moic.gov.bh എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.









