മനാമ: വിസിറ്റ് വിസയിൽ ജോലി തേടി പ്രവാസലോകത്തെത്തി സാമ്പത്തിക-ആരോഗ്യ പ്രതിസന്ധിയിലായ 65 വയസ്സുകാരന് താങ്ങും തണലുമായി ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം. ജോലി ലഭിക്കാതെയും നാട്ടിലേക്ക് മടങ്ങാൻ വഴിയില്ലാതെയും പ്രയാസത്തിലായ കാഞ്ഞങ്ങാട് സ്വദേശിയായ വയോധികനാണ് സോഷ്യൽ ഫോറം ഭാരവാഹികൾ സഹായ ഹസ്തം നീട്ടിയത്.
പ്രായമായ കാലത്ത് പ്രവാസലോകത്ത് എത്തിപ്പെടുകയും ജോലി കണ്ടെത്താൻ സാധിക്കാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇരട്ടിക്കുകയും ചെയ്തതോടെ നാട്ടിലേക്ക് മടങ്ങാൻ വഴിയറിയാതെ വിഷമിക്കുകയായിരുന്നു ഇദ്ദേഹം. വിവരമറിഞ്ഞ BKSF എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ തന്നെ വിഷയത്തിൽ ഇടപെടുകയും അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ വിമാന ടിക്കറ്റും മറ്റ് യാത്രാ സൗകര്യങ്ങളും ഒരുക്കി നൽകുകയുമായിരുന്നു.
പ്രവാസലോകത്ത് വിവിധ പ്രതിസന്ധികളിലും നിയമക്കുരുക്കുകളിലും പെടുന്ന പ്രവാസികൾക്ക് എന്നും ആശ്വാസമേകുന്ന BKSF-ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ ഇടപെടൽ. കാഞ്ഞങ്ങാട് സ്വദേശിയെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയ സോഷ്യൽ ഫോറത്തിന്റെ ഈ മാതൃകാപരമായ പ്രവർത്തനത്തിന് പ്രവാസി മലയാളി സമൂഹത്തിൽ നിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്.









