മനാമ: മനുഷ്യ ക്ലോണിംഗ് ഗവേഷണങ്ങൾക്കും ജനിതക പരീക്ഷണങ്ങളുടെ ദുരുപയോഗങ്ങൾക്കുമെതിരെ കർശന ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്ല് ബഹ്റൈൻ ശുറാ കൗൺസിലിൽ അവതരിപ്പിച്ചു. ജനിതക വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുക, തൊഴിൽ-ഇൻഷുറൻസ് രംഗത്തെ ജനിതക വിവേചനം അവസാനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് അഞ്ച് ശുറാ കൗൺസിൽ അംഗങ്ങളാണ് 40 അടങ്ങിയ പുതിയ നിയമനിർദ്ദേശം സമർപ്പിച്ചത്.
മനുഷ്യ ക്ലോണിംഗ് ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങൾ, അനധികൃത ജനിതക മാറ്റങ്ങൾ, മനുഷ്യന്റെ ആരോഗ്യത്തിനോ പരിസ്ഥിതിക്കോ ഭീഷണിയാകുന്ന ജനിതക മാറ്റം വരുത്തിയ ജീവികളുടെ നിർമ്മാണം എന്നിവ കർശനമായി നിരോധിക്കുന്നതാണ് പുതിയ ബില്ല്. നിയമം ലംഘിക്കുന്നവർക്ക് കുറഞ്ഞത് 10 വർഷം തടവും 100,000 മുതൽ 1,000,000 ബഹ്റൈൻ ദീനാർ വരെ പിഴയും ശിക്ഷ ലഭിക്കും.
തൊഴിൽ-ഇൻഷുറൻസ് മേഖലകളിൽ ജനിതക പരിശോധന നിരോധിക്കും ഉദ്യോഗാർത്ഥികളുടെ അസുഖ സാധ്യതകൾ പരിശോധിക്കുന്നതിനോ റിക്രൂട്ട്മെന്റ് തീരുമാനങ്ങൾ എടുക്കുന്നതിനോ തൊഴിലുടമകൾ ജനിതക പരിശോധന നടത്തുന്നതോ മുൻകാല ഫലങ്ങൾ ഉപയോഗിക്കുന്നതോ ബില്ല് പൂർണ്ണമായി വിലക്കുന്നു. അതുപോലെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് ജനിതക പരിശോധനാ ഫലങ്ങൾ ആവശ്യപ്പെടുന്നതിൽ നിന്നും കമ്പനികളെ തടയും. ഇത് ലംഘിക്കുന്നവർക്ക് തടവോ 10,000 മുതൽ 50,000 ദീനാർ വരെ പിഴയോ ലഭിക്കാം.
ഡോ. ജമീല അൽ സൽമാൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഡോ. ജമീല അൽ സൽമാൻ, ജമാൽ ഫഖ്രോ, ഡോ. ജിഹാദ് അൽ ഫളൽ, ദലാൽ അൽ സായിദ്, ഡോ. ഇബ്തിസാം അൽ ദല്ലാൽ എന്നിവരാണ് ബില്ല് സമർപ്പിച്ചത്. ജനിതക വൈദ്യശാസ്ത്ര രംഗത്തെ പുരോഗതിക്ക് അനുസൃതമായി വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും ജനിതക പരിശോധനകൾ സുതാര്യമാക്കുന്നതിനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. ജനിതക വിവരങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു ദേശീയ ഡാറ്റാബേസ് രൂപീകരിക്കാനും, രോഗനിർണ്ണയത്തിനും പാരമ്പര്യ രോഗങ്ങൾ കണ്ടെത്താനുമുള്ള പരിശോധനകൾ കർശനമായ നിബന്ധനകളോടെ തുടരാനും ബില്ലിൽ വ്യവസ്ഥയുണ്ട്.









