ആര്‍ എസ് സി ബുക്‌ടെസ്റ്റ്: അന്തിമ പരീക്ഷ നാളെ (വെള്ളി)

മനാമ: പ്രവാചക ജീവിതത്തെ അധികരിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തുന്ന പന്ത്രണ്ടാമത് ബുക്‌ടെസ്റ്റിന്റെ അന്തിമ പരീക്ഷ നാളെ ഡിസംബര്‍ 13 (വെള്ളി) ഓണ്‍ലൈനില്‍ നടക്കും.
സൗദി സമയം രാവിലെ 9 മുതല്‍ രാത്രി 12 വരെ നടക്കുന്ന ബുക്ടെസ്റ്റില്‍ മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും, വിദ്യാര്‍ഥികള്‍ക്ക് രണ്ട് വിഭാഗങ്ങളിലായി ഇംഗ്ലീഷിലുമാണ് പരീക്ഷ. നവംബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെ നടത്തിയ യോഗ്യതാ പരീക്ഷയില്‍ വിജയികളായവരാണ് നാളെ നടക്കുന്ന ഫൈനല്‍ പരീക്ഷ എഴുതുക. ഐ പി ബി പ്രസിദ്ധീകരിച്ച ‘പ്രവാചകരുടെ മദീന’ മലയാള വിഭാഗത്തിനും ‘ഷാഡോസ് ഓഫ് ഗ്ലോറി’ എന്ന പുസ്തകം ഇംഗ്ലീഷിനും അവലംബമാക്കുന്നു. കഴിഞ്ഞ വര്‍ഷം 19,113 പേര്‍ പരീക്ഷയുടെ ഭാഗമായതായി സംഘാടകര്‍ പറഞ്ഞു. മത, ലിംഗ ഭേദമില്ലാതെ പങ്കെടുത്ത് യോഗ്യത നേടിയ ആര്‍ക്കും ബുക്‌ടെസ്റ്റിനായി ഒരുക്കിയ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം വഴി ബുക്ടെസ്റ്റ് പരീക്ഷയെഴുതാം.

ഓരോ വര്‍ഷവും പ്രവാചകന്റെ വ്യത്യസ്ത ദര്‍ശനങ്ങളെ കേന്ദ്രീകരിച്ചുള്ള പുസ്തകങ്ങള്‍ തിരഞ്ഞെ ടുത്താണ് ആര്‍ എസ് സി ബുക്‌ടെസ്റ്റ് സംഘടിപ്പിക്കുന്നത്.
അന്തിമ പരീക്ഷയില്‍ പൊതു വിഭാഗത്തില്‍ ഒന്ന്, രണ്ട് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 50000, 25000 ഇന്ത്യന്‍ രൂപയും വിദ്യാര്‍ഥി വിഭാഗത്തില്‍ വിജയിക്കുന്നവര്‍ക്ക് യഥാക്രമം 10000, 5000 ഇന്ത്യന്‍ രൂപയുമാണ് സമ്മാനത്തുക. വിദ്യാര്‍ഥികളില്‍ ജൂനിയര്‍, സീനിയര്‍ എന്നീ രണ്ട് വിഭാഗങ്ങളില്‍ നിന്ന് വെവ്വേറെ വിജയികളെ തിരഞ്ഞെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്‌ടെസ്റ്റ് എഴുതുന്നതിനും www.rsconline.org സന്ദര്‍ശിക്കാം.