കുവൈറ്റ് സിറ്റി: കുവൈറ്റിൽ ലോക്ഡൗൺ നിർദേശം ലംഘിച്ച നാല് പ്രവാസികളെ കസ്റ്റഡിയിലെടുത്തു. നാല് പേരെയും നാടുകടത്താനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. മഹ്ബൂലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫെൻസിംഗ് മുറിച്ചാണ് നാല് പേരും പുറത്തിറങ്ങിയത്. പിന്നീട് പൊലീസ് പിടിയിലാവുകയായിരുന്നു.
ചോദ്യം ചെയ്യലിൽ നാല് പേരും കുറ്റം സമ്മതിച്ചു. ലോക്ഡൗൺ നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ കുവൈറ്റ് വ്യക്തമാക്കിയിരുന്നു. കർഫ്യൂ ലംഘിച്ചതിന് ബുധനാഴ്ച്ച മൂന്ന് സ്വദേശികളും കുവൈറ്റിൽ അറസ്റ്റിലായിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കുന്ന ഇത്തരം നടപടികൾക്ക് മാപ്പ് നൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.