മനാമ: ബഹ്‌റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ബിഫാ കപ്പ്’ ഫുട്ബോൾ ലീഗിന്റെ മൂന്നാം സീസണിന് ഇന്ന് (സെപ്റ്റംബർ 24, വ്യാഴം) തുടക്കമാകും. സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ രാത്രി 10 മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറുന്നത്.
‘എബൗ 40’ (Above 40), ‘പ്രൊഫഷണൽ’ എന്നീ വിഭാഗങ്ങളിലായാണ് ഇത്തവണയും ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷം നടക്കുന്ന പ്രൊഫഷണൽ വിഭാഗത്തിലെ ആദ്യ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ജി.ആർ.ഒ എഫ്.സിയും (GRO FC) ജി.എസ്.ബിയും (GSB) തമ്മിൽ ഏറ്റുമുട്ടും.
വിവിധ സാംസ്കാരിക-കലാപരിപാടികളോടെ ഒരുക്കുന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും പ്രവാസി സാമൂഹിക-സാംസ്കാരിക സംഘടനാ നേതാക്കളും സംബന്ധിക്കും. ഫുട്ബോൾ പ്രേമികളായ മുഴുവൻ പ്രവാസികളെയും മത്സരങ്ങൾ വീക്ഷിക്കാൻ അൽ അഹ്ലി സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.








