ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെ പശ്ചിമ ബംഗാൾ, അസം, രാജസ്ഥാൻ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇന്ധനനികുതി കുറച്ചത്. പശ്ചിമ ബംഗാൾ പെട്രോളിനും ഡീസലിനും ഒരുരൂപയും മേഘാലയ പെട്രോൾ ലിറ്ററിന് 7.40 രൂപയും ഡീസൽ 7.10 രൂപയുമാണ് കുറച്ചത്. അതേസമയം, ഈയിടെ കൂട്ടിയ എക്സൈസ് തീരുവ പിൻവലിക്കാൻപോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
അസ്സമിൽ അധികനികുതിയിനത്തിൽ ഈടാക്കിയിരുന്ന അഞ്ചുരൂപ പിൻവലിച്ചു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 90.58 രൂപ കൊടുക്കണം. ഡീസലിന് 80.97 രൂപയും. ഫെബ്രുവരിയിൽമാത്രം ഡൽഹിയിൽ പെട്രോളിന് 4.28 രൂപയും ഡീസലിന് 4.49 രൂപയുമാണ് കൂടിയത്. ഇന്ധന നികുതി കുറച്ചതിനെതുടർന്ന് കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 91.78 രൂപയും ഡീസലിന് 84.56രൂപയുമാണ് വില. ഷില്ലോങിൽ പെട്രോളിന് 86.87 രൂപയും ഡീസലിന് 80.24 രൂപയുമാണ്. ജെയ്പൂരിൽ പെട്രോൾ വില 97.10 രൂപയും ഡീസൽ വില 89.44 രൂപയുമാണ്.