മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 864 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 1,11,691 ആയി ഉയർന്നു.
അതേസമയം, ഇന്നലെ ഫെബ്രുവരി 23 ന് 24 മണിക്കൂറിനിടെ 13232 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 675 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 243 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്. 5.10% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
നിലവില്‍ 7081 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിതരായി കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 72 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ സ്ഥിരീകരിച്ച 4 മരണമടക്കം 433 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 30,21,611 ആയി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്സിനേഷനും തുടരുകയാണ്. 2,81,425 പേരാണ് ഇതുവരെ രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്.
ജനിതകമാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കിയിട്ടുണ്ട്. പള്ളികളിൽ ഫെബ്രുവരി 11 വ്യാഴാഴ്ച മുതൽ പ്രാർഥനകൾ നിർത്തി വെക്കാൻ ഉത്തരവായിട്ടുണ്ട്. ജനുവരി 31 മുതൽ വീണ്ടും റെസ്റ്റോറൻ്റുകളിൽ ഏർപ്പെടുത്തിയ ഡൈനിംഗ് നിരോധനം തുടരുകയാണ്. ജനുവരി 31 മുതൽ മൂന്നാഴ്ചക്കാലത്തേക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാനാവില്ല. ടേക് എവേ – ഡെലിവറി സമ്പ്രദായങ്ങൾ മാത്രമായി പരിമിതപ്പെടുത്തണം. നിയന്ത്രങ്ങൾ മാർച്ച് 14 വരെ നീട്ടിയിട്ടുണ്ട്.
നിലവിൽ ബഹ്റൈനിലെത്തുന്നവർ 3 കോവിഡ് പരിശോധനകൾക്ക് വിധേയമാകണം. ആദ്യദിനം എയർപോർട്ടിലെ പരിശോധനയെ കൂടാതെ അഞ്ചാം ദിനവും പത്താം ദിനവുമാണ് മറ്റ് ടെസ്റ്റുകൾ. 3 ടെസ്റ്റിനും കൂടെ 36 ദിനാർ അടച്ചാൽ മതിയാകും.
ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയോ ബി അവെയർ ആപ്പ് വഴിയോ രെജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.