ന്യൂഡൽഹി: കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി മാർച്ച് ആദ്യ ആഴ്ചയിൽ പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് തിയതി അന്തിമമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച യോഗം ചേർന്നിരുന്നു. യോഗത്തിൽ സുരക്ഷാ സേനയെ വിന്യസിക്കല്‍, സൗകര്യങ്ങളൊരുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കമ്മീഷന്‍ ചര്‍ച്ച ചെയ്തു. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളില്‍ ആറ് മുതല്‍ എട്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. അസമില്‍ രണ്ടോ മൂന്നോ ഘട്ടങ്ങളിലായിട്ടാകും തിരഞ്ഞെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലേയും ഫല പ്രഖ്യാപനം ഒരേ ദിവസമാകും. പശ്ചിമബംഗാളിലെ 6400 ബൂത്തുകള്‍ പ്രശ്‌നബാധിതമായിട്ടാണ് കണക്കാക്കുന്നത്. ഇവിടെ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും.