ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45നും 59 നും ഇടയിൽ പ്രായമുള്ളവർക്കുമാണ് നാളെ മുതൽ വാക്‌സിൻ നൽകി തുടങ്ങുക. സർക്കാർ തലത്തിൽ പതിനായിരവും സ്വകാര്യ മേഖലയിൽ ഇരുപതിനായിരവും കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടക്കുക. കോവിൻ എന്ന സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് വാക്‌സിൻ ലഭ്യമാക്കുക.
സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികൾ ഒരു ഡോസ് വാക്‌സിന് 250 രൂപയാണ് ഈടാക്കുക. ജനുവരി 16 നാണ് ഇന്ത്യയിൽ വാക്‌സിനേഷൻ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളുമാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ ഒന്നരക്കോടിയോളം പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു.