ഭോപ്പാൽ: ഇന്ത്യയില്‍ നിന്ന് ആറിലേറെ പുതിയ കോവിഡ് വാക്‌സിനുകള്‍ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ഇന്ത്യ ഉത്പാദിപ്പിച്ച കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ നിലവില്‍ 71 ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. നിരവധി രാജ്യങ്ങള്‍ ഇന്ത്യയോട് വാക്‌സിന്‍ ആവശ്യപ്പെടുന്നുണ്ട്. കാനഡ, ബ്രസീല്‍ മറ്റ് നിരവധി വികസിത രാജ്യങ്ങള്‍ ഇന്ത്യയുടെ വാക്‌സിന്‍ ഉപയോഗിക്കുന്നുണ്ട്.
നമ്മുടെ ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. അവരുടെ അദ്ധ്വാനംകൊണ്ടാണ് നമുക്ക് ഇതെല്ലാം നേടാനായത്. കോവിഡ് വര്‍ഷം എന്നതിനപ്പുറം 2020 ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും വര്‍ഷമായി ഓര്‍മിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഭോപ്പാലിലെ എന്‍.ഐ.ആര്‍.ഇ.എച്ചിലെ പുതിയ ഗ്രീന്‍ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡിന്റെ തുടക്കകാലത്ത് രാജ്യത്ത് ഒരു കോവിഡ് പരിശോധനാ കേന്ദ്രം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് 2412 പരിശോധന കേന്ദ്രങ്ങളുണ്ട്. ഇന്ത്യയിൽ ഇതുവരെ 23 കോടി കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. 1.84 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ ആളുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.
ജനങ്ങളുടെ അശ്രദ്ധയും തെറ്റിദ്ധാരണയും മൂലമാണ് കോവിഡ് കേസുകളില്‍ ഇപ്പോള്‍ വര്‍ധനവുണ്ടായത്. വൈറസിനെതിരേയുള്ള വാക്‌സിന്‍ എത്തിയതോടെ എല്ലാം ശരിയായെന്ന് ആളുകള്‍ കരുതി. വൈറസില്‍ നിന്ന് രക്ഷ നേടാന്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.