മനാമ: കൂട്ടായ പ്രതിരോധശേഷി കൈവരിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനുമായി കൊവിഡ് 19 വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ബഹ്‌റൈൻ രാജ്യത്തിലെ പൗരന്മാരോടും പ്രവാസികളോടും വീണ്ടും ആവശ്യപ്പെട്ടു. മാർച്ച് 26 വരെ നടത്തിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 4,71,927 പേർ ഇതുവരെ ഓരോ ഡോസും 2,45,481 പേർ രണ്ട് ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
വാക്സിനുകൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രാലയം എടുത്തുപറയുകയും, വാക്സിനേഷൻ നടത്തിയവരുടെ എണ്ണം വർദ്ധിപ്പിക്കുകയും, കൂട്ടായ പ്രതിരോധശേഷി കൈവരിക്കുകയുമാണു് വേണ്ടതെന്നും ഒരു പ്രത്യേക മരുന്നിനായി കാത്തിരിക്കേണ്ടതില്ലെന്നും സൂചിപ്പിക്കുകയും ചെയ്തു.
സാമൂഹിക അവബോധത്തെയും ദേശീയ വാക്സിനേഷൻ പ്രക്രിയയോടുള്ള നല്ല പ്രതികരണത്തെയും മന്ത്രാലയം പ്രശംസിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ നൽകാവുന്ന സിനോഫാം, സ്പുട്നിക് വാക്സിനുകൾക്ക് വെയിറ്റിങ് ലിസ്റ്റുകളില്ലെന്നും ചൂണ്ടിക്കാട്ടി.
കുത്തിവയ്പ് എടുക്കുന്നവരുടെ നിരക്കിൽ, അന്താരാഷ്ട്ര തലത്തിൽ ബഹ്‌റൈന്റെ സ്ഥാനം മുൻനിരയിലാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പകർച്ചവ്യാധിയെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളിൽ രാജ്യത്തിന്റെ മികച്ച നിലവാരവും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
കൊറോണ വൈറസ്സിനെതിരെ പോരാടുന്നതിനുള്ള എല്ലാ അംഗീകൃത വാക്സിനുകളും ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നതിലും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. അതിനാൽ വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷ പരിരക്ഷിക്കുന്നതിനും വൈറസ് വ്യാപനം തടയുന്നതിനും എല്ലാ ആളുകളും സഹകരിക്കുകയും വാക്സിൻ സ്വീകരിക്കുകയും വേണം.
ആദ്യത്തെയും രണ്ടാമത്തെയും വാക്സിനുകൾ സ്വീകരിച്ചശേഷവും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. രണ്ടാം ഡോസും വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ചയെങ്കിലും കഴിഞ്ഞേ പ്രതിരോധശേഷി കൈവരൂ എന്നും മന്ത്രാലയം വിശദമാക്കി.
കുത്തിവയ്പ്പ് വ്യക്തികളെയും അവരുടെ കുടുംബത്തെയും പരിസരത്തെയും സംരക്ഷിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാനായി മുൻകരുതൽ നടപടികളും വൈറസ് നിർമാർജനത്തിനുള്ള ആരോഗ്യ നിർദ്ദേശങ്ങളും പാലിക്കണമെന്നും മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു.