bahrainvartha-official-logo
Search
Close this search box.

പരിശുദ്ധ റമദാനെ വരവേറ്റ് ബഹ്റൈൻ

Ramadan begins from today in Bahrain

 

പരിശുദ്ധ റമദാനെ വരവേറ്റ് ബഹ്റൈനിലെ സ്വദേശികളും വിദേശികളും. ചൊവാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്‌സ് അധികൃതര്‍ അറിയിചിരുന്നു. തുടര്‍ന്ന് രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനെസ്സ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും വിവിധ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളുമായി ആശംസകള്‍ കൈമാറി. 

പരിശുദ്ധ റംസാന്‍ മാസത്തെ ബഹ്‌റൈനിലെ പ്രവാസികളടക്കമുള്ള വിശ്വാസികള്‍ വരവേല്‍ക്കാനുള്ള അവസാനവട്ടത്തെ ഒരുക്കങ്ങളിലായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിവിധ സംഘടനകളും മറ്റും റംസാന്‍ മാസത്തില്‍ വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയുള്ള പ്രഭാഷണങ്ങള്‍ ഓണ്‍ലൈനിലായിരിക്കും സംഘടിപ്പിക്കുക. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടനകള്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്.  ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും വ്യക്തികളും റംസാന്‍ തമ്പുകള്‍  ഒരുക്കാറുണ്ടെങ്കിലും കോവിഡ് മൂലം എല്ലാം റദ്ദാക്കിയിരിക്കുകയാണ്.  

നിത്യോപയോഗ സാധനങ്ങള്‍ക്ക് റംസാന്‍ കാലത്ത് വിലക്കൂട്ടാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വാണിജ്യകാര്യമന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ സര്‍ക്കാര്‍ ഓഫീസുകളും മന്ത്രാലയങ്ങളും റംസാന്‍ മാസത്തില്‍ രാവിലെ 8 മുതല്‍ ഉച്ച കഴിഞ്ഞ് 2 മണിവരെയാകും പ്രവര്‍ത്തിക്കുക. ഷോപ്പിംഗ് മാളുകളടക്കമുള്ള വ്യാപാരസ്ഥാപനങ്ങളുടെ  പ്രവര്‍ത്തിസമയങ്ങളിലും പുനഃക്രമീകരണം വരുത്തിയിട്ടുണ്ട്. 

നോമ്പുതുറ സമയത്ത് വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും. നോമ്പുതുറക്കു ശേഷം രാത്രി വൈകുംവരെ ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. മിക്കവാറും എല്ലാ സ്വകാര്യ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തിസമയങ്ങളിലും മാറ്റമുണ്ട്. രാജ്യത്തെ ഭക്ഷ്യപരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യവകുപ്പു അധികൃതര്‍ അറിയിച്ചു. ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ വ്യാപാരകേന്ദ്രങ്ങളിലും വിതരണകേന്ദ്രങ്ങളിലും മിന്നല്‍ പരിശോധനകള്‍ നടത്തും. റംസാന്‍ മാസത്തില്‍ ഹോട്ടലുകളില്‍ വിനോദപരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!