മനാമ: രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് ഒരു മാസം കഴിഞ്ഞവർക്ക് ഇനി ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. ഇതുവരെ മൂന്ന് മാസമായിരുന്നു ഈ വിഭാഗത്തിൽ പെടുന്നവർക്ക് ബൂസ്റ്റർ ഡോസിനുള്ള ഇടവേള.
50 വയസ്സിന് മുകളിലുള്ളവർ, അമിതവണ്ണമുള്ളവർ, കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ളവർ, കോവിഡ് മുൻനിര പോരാളികൾ എന്നിവരാണ് ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നത്. രോഗപ്രതിരോധ പ്രതികരണം, വൈറസിനെതിരായ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ തെളിവുകൾ പഠിച്ച ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക്, പ്രത്യേകിച്ച് 50 വയസ്സിൽ കൂടുതലുള്ളവർക്ക് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ബൂസ്റ്റർ ഡോസ് എടുക്കുന്നത് പ്രധാനമാണെന്ന് ടാസ്ക്ഫോഴ്സ് ചൂണ്ടിക്കാട്ടി. വൈറസ് ബാധിച്ചാൽ രോഗം ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും ഒഴിവാക്കാൻ ബൂസ്റ്റർ ഡോസ് സഹായിക്കും. നിലവിൽ സിനോഫാം വാക്സിൻ സ്വീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസ് നൽകി വരുന്നത്.
കോവിഡിനെ നേരിടുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി എല്ലാവരെയും വാക്സിൻ സ്വീകരിക്കണമെന്നും ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെയുള്ള എല്ലാ മുൻകരുതൽ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും ടാസ്ക്ഫോഴ്സ് ഓർമിപ്പിച്ചു.
2020 ഡിസംബർ 13നാണ് ബഹ്റൈനിൽ കൊവിഡ് വാക്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചത്. ഡിസംബർ 20 മുതലാണ് വാക്സിൻ നൽകി തുടങ്ങിയത്. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകാൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചത്. കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ, സിത്ര മാൾ, ബി.ഡി.എഫ് മിലിട്ടറി ഹോസ്പിറ്റൽ എന്നിവിടങ്ങൾക്ക് പുറമേ 27 ഹെൽത്ത് സെന്ററുകൾ വഴിയും വാക്സിൻ നൽകി വരുന്നുണ്ട്. ഇതിലൂടെ രാജ്യത്തു പ്രതിദിനം നൽകുന്ന ഡോസുകൾ 31000 ആയി ഉയർത്തിയിരുന്നു.
നിലവിൽ സിനോഫാം, ഫൈസർ-ബയോ എൻടെക്, കോവിഷീൽഡ്-ആസ്ട്രസെനക്ക, സ്പുട്നിക് വി വാക്സിനുകളാണ് രാജ്യത്ത് നൽകുന്നത്. സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസും നൽകി തുടങ്ങിയിട്ടുണ്ട്. സിനോഫാം രണ്ടു ഡോസും സ്വീകരിച്ചവർക്ക് ബി അവെയർ ആപ്പിൽ ലഭ്യമാകുന്ന പച്ച ഷീൽഡ് മൂന്നു മാസം കഴിയുമ്പോൾ മഞ്ഞയാകും. തുടർന്ന്, ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ മാത്രമാണ് വീണ്ടും പച്ചയാവുക.