മനാമ: ബഹ്റൈനിൽ ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് 19 പ്രതിരോധത്തിനായുള്ള ബൂസ്റ്റർ ഡോസ് വാക്സിൻ നൽകിയാതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെയുള്ള കണക്കുപ്രകാരം രണ്ട് ഡോസ് സിനോഫാം വാക്‌സിൻ സ്വീകരിച്ച 106494 പേരാണ് മൂന്നാമത് ഡോസായി ഫൈസർ ബയോ എൻ ടെക്കോ സിനോഫാമോ സ്വീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിലും ശരാശരി 4000 ആളുകളെങ്കിലും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
സിനോഫാം രണ്ടു ഡോസും സ്വീകരിച്ചവർക്ക് ബി അവെയർ ആപ്പിൽ ലഭ്യമാകുന്ന പച്ച ഷീൽഡ് മൂന്നു മാസം കഴിയുമ്പോൾ മഞ്ഞയാകും. തുടർന്ന്, ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ മാത്രമാണ് വീണ്ടും പച്ചയാവുക. രണ്ട് ഡോസ് സിനോഫാം സ്വീകരിച്ച അവശ വിഭാഗത്തിലുള്ളവർക്ക് ഒരു പിന്നിട്ടാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്. മറ്റുമുള്ളവർക്ക് 6 മാസത്തിനു ശേഷവും സ്വീകരിക്കാം. നിലവിൽ 50 വയസിന് മുകളിലുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കാനുള്ള സൗകര്യവുമുണ്ട്. ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഇതിനായി രണ്ട് പ്രത്യേക ഹാളുകളും ഒരുക്കിയിട്ടുണ്ട്.