രാജ്യത്തെ 70 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി

മനാമ: ജനസംഖ്യയുടെ 70 ശതമാനം പേർക്കും രണ്ടു ഡോസ് കോവിഡ് വാക്സിനുകൾ നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിയ പറഞ്ഞു. വൈറസ്സുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ വിശദീകരിക്കാൻ ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡബ്ല്യു.എച്ച്​.ഒ ഡയറക്​ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസിൻറെ സാന്നിധ്യത്തിലായിരുന്നു ഇന്നത്തെ പത്ര സമ്മേളനം.

ഈ വിജയം ടീം ബഹ്‌റൈന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻ‌ഗണന നൽകുമെന്ന വിശ്വാസത്തിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരുടേയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യത്തെ ജനങ്ങൾ നടത്തിയ പ്രവർത്തനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ വിജയകരമായി പൂർത്തിയാക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈനെന്ന് ലോകാരോഗ്യ സംഘടനയുടെ മേഖലയിലെ പ്രതിനിധിയും ഓഫീസ് മേധാവിയുമായ ഡോ. തസ്നിം അതത്ര പറഞ്ഞു. കൊറോണ വൈറസ് മഹാമാരിയെ നേരിടുന്നതിൽ മേഖലയിലെ രാജ്യങ്ങളുടെ പ്രവർത്തനം ലോകാരോഗ്യ സംഘടന സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും ഡോ. തസ്നിം പറഞ്ഞു.