മനാമ: ബൂസ്റ്റർ ഡോസുകൾക്ക് ജനങ്ങൾക്കിടയിൽ മികച്ച ഫലപ്രാപ്തി ഉണ്ടാകുന്നതായി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ്. ഇതിന്റെ സ്ഥിതിവിവരക്കണക്കുകൾ ടാസ്ക് ഫോഴ്സ് പുറത്തുവിട്ടു. ജൂലൈ 27 നകം 1,31,192 വ്യക്തികൾക്ക് ബൂസ്റ്റർ ഡോസ് ലഭിച്ചതായി ടാസ്ക്ഫോഴ്സ് രേഖപ്പെടുത്തി. ബൂസ്റ്റർ ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരിൽ 71 പേർക്ക് മാത്രമാണ് കോവിഡ് ബാധിച്ചതെന്ന് ടാസ്ക് ഫോഴ്സ് ചൂണ്ടിക്കാട്ടി. ഇവരിൽ കോവിഡ് ചെറിയ രീതിയിൽ മാത്രമാണ് ബാധിച്ചതെന്നും ആശുപത്രിയിൽ ചികിത്സ സ്വീകരിക്കേണ്ട സാഹചര്യം ഇവർക്ക് ഉണ്ടായില്ലെന്നും ടാസ്ക് ഫോഴ്സ് പറഞ്ഞു.
വാക്‌സിനും ബൂസ്റ്റർ ഡോസും സ്വീകരിക്കുന്നതിലൂടെ കോവിഡ് രോഗ ലക്ഷണങ്ങളുടെ കാഠിന്യം ഒഴിവാക്കാനും മരണത്തിൽ നിന്നും രക്ഷ നേടാനും സാധിക്കുമെന്ന് ടാസ്ക് ഫോഴ്സ് ഓർമ്മിപ്പിച്ചു. രാജ്യത്തെ ജനങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി വാക്സിനേഷനും ബൂസ്റ്റർഡോസും സ്വീകരിക്കണമെന്ന് ടാസ്ക്ഫോഴ്സ് പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
കഴിഞ്ഞവർഷം ഡിസംബർ 13നാണ് ബഹ്റൈനിൽ കൊവിഡ് വാക്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചത്. ഡിസംബർ 20 മുതലാണ് വാക്സിൻ നൽകി തുടങ്ങിയത്. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകാൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചത്.
കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ, സിത്ര മാൾ, ബി.ഡി.എഫ് മിലിട്ടറി ഹോസ്പിറ്റൽ എന്നിവിടങ്ങൾക്ക് പുറമേ 27 ഹെൽത്ത് സെന്ററുകൾ വഴിയും വാക്സിൻ നൽകി വരുന്നുണ്ട്.നിലവിൽ സിനോഫാം, ഫൈസർ-ബയോ എൻടെക്, കോവിഷീൽഡ്-ആസ്ട്രസെനക്ക, സ്പുട്നിക് വി വാക്സിനുകളാണ് രാജ്യത്ത് നൽകുന്നത്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിനംപ്രതി കുറഞ്ഞുവരുന്നത് ആശ്വാസകരമാണ്. ബഹ്റൈനിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങളിലും ടാസ്‌ക്‌ഫോഴ്‌സ് ഇളവ് വരുത്തിയിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിയന്ത്രങ്ങൾ കൃത്യമായി പാലിക്കണമെന്നും വാക്‌സിനും ബൂസ്റ്റർ ഡോസും എല്ലാവരും സ്വീകരിക്കണമെന്നും ടാസ്ക് ഫോഴ്സ് ഓർമ്മിപ്പിച്ചു.