മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ പ്രകാരമുള്ള വിമാന സർവിസുകൾ വർധിപ്പിക്കുന്നു. സെപ്റ്റംബർ 15 മുതൽ ദിവസവും രണ്ട് സർവിസുകൾ വീതം നടത്താനാണ് അനുമതി. പുതിയ സർവിസുകൾക്ക് എയർലൈൻസുകൾ ബുക്കിങ് ആരംഭിച്ചു.
എയർ ഇന്ത്യ/എയർ ഇന്ത്യ എക്സ്പ്രസ് ഡൽഹിയിൽനിന്ന് ബഹ്റൈനിലേക്ക് ആഴ്ചയിൽ രണ്ട് സർവിസ് നടത്തിയിരുന്നത് ഇനി നാലാകും. ഹൈദരാബാദിൽനിന്ന് ഒരു സർവിസ് നടത്തിയത് രണ്ടായി വർധിപ്പിച്ചു. ബംഗളൂരുവിൽനിന്ന് കൊച്ചി വഴി ബഹ്റൈനിലേക്ക് പുതിയൊരു സർവിസ് ആരംഭിച്ചിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഇത്.
ബഹ്റൈനിൽനിന്ന് കോഴിക്കോട് വഴി മുംബൈയിലേക്ക് മാസത്തിൽ രണ്ട് സർവിസ് നടത്തിയിരുന്നത് ആഴ്ചയിൽ രണ്ട് എന്ന രീതിയിൽ വർധിപ്പിച്ചു. വ്യാഴം, ഞായർ ദിവസങ്ങളിലായിരിക്കും ഇൗ സർവിസ്. എന്നാൽ, മുബൈയിൽനിന്ന് ബഹ്റൈനിലേക്ക് നേരിട്ടായിരിക്കും സർവിസ് ഉണ്ടാവുക.
അതേസമയം, വിമാന സർവിസ് ഇരട്ടിയാക്കുന്നത് കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കാര്യമായി പ്രയോജനം ചെയ്യുന്നില്ല. എയർ ഇന്ത്യ ബംഗളൂരുവിൽനിന്ന് കൊച്ചി വഴിയുള്ള സർവിസ് ആരംഭിച്ചതുമാത്രമാണ് അധികമായി ലഭിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് അധിക സർവിസുകൾ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്ന് അധിക സർവീസ് നടത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഒക്ടോബർ 30 വരെയുള്ള ഷെഡ്യൂളാണ് എയർ ഇന്ത്യ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗൾഫ് എയർ തിരുവനന്തപുരത്തുനിന്ന് ഒരു സർവoസ് ഉണ്ടായിരുന്നത് രണ്ടായി ഉയർത്തി. ഇനിമുതൽ ചൊവ്വ, ശനി ദിവസങ്ങളിൽ സർവoസ് ഉണ്ടാകും. കൊച്ചിയിൽനിന്ന് രണ്ട് സർവoസ് ഉണ്ടായിരുന്നത് മൂന്നാകും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഇത്. കോഴിക്കോട് നിന്നുള്ള സർവിസിൽ വർധന വന്നിട്ടില്ല.
മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നും ഇനി രണ്ട് വീതം സർവിസ് ഉണ്ടാകും. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്ന് പുതിയ സർവിസ് ആരംഭിക്കുകയും ചെയ്തു.