മനാമ: പാക്ട് ഓണപ്പൂത്താലം ആഘോഷങ്ങൾക്ക് തുടക്കമായി. അനീഷ് നിർമലൻ നയിച്ച ‘മായാപ്രപഞ്ചം’ എന്ന ഓൺലൈൻ ഫാമിലി ക്വിസ് മത്സരത്തോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്.
ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളായ പമ്പാവാസൻ നായർ, പ്രേംജിത് നാരായണൻ, എം.കെ. രഞ്ജിത്ത് എന്നിവർ കുടുംബ മത്സര വേദിയിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
30 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ദേവിക സുരേഷും കുടുംബവും, സജ്ന സതീഷും കുടുംബവും കൃപ രാജീവും കുടുംബവും വിജയികളായി. മീഡിയ രംഗുമായി ചേർന്ന് നടത്തിയ ഓൺലൈൻ ഫാമിലി ക്വിസ് പാക്ട് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേറിട്ട അനുഭവമായി. ചതുരംഗം, ഓണപ്പാട്ട് മത്സരം, തിരുവാതിരക്കളി, പായസ മത്സരം എന്നിങ്ങനെ നിരവധി പരിപാടികൾ അണിനിരക്കുന്ന ഓണപ്പൂത്താലം സെപ്റ്റംബർ 16ന് ഇന്ത്യൻ സ്കൂളിൽ നടത്തുന്ന പൊന്നോണസദ്യയോടെയാണ് അവസാനിക്കുക.