‘സ്വാതന്ത്ര്യത്തിന്റെ നാൾവഴികളിലൂടെ’ – റയ്യാൻ  സെമിനാർ ശ്രദ്ധേയമായി

RAYYAN-SEMINAR

മനാമ: ഭരണ സിരാകേന്ദ്രങ്ങളുപയോഗിച്ച് യഥാർത്ഥ സ്വാതന്ത്ര്യ ചരിത്രത്തെപ്പോലും രാഷ്ട്രീയ വത്കരിക്കാൻ ശ്രമിക്കുകയും, സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും സമ്പത്തും ത്യജിച്ചവരെ  ചരിത്ര പുസ്തകങ്ങളിൽ നിന്നും സ്‌കൂൾ സിലബസുകളിൽ  നിന്നും അടർത്തി മാറ്റി  സ്വാതന്ത്ര്യ സമരത്തിനെതിരെ പ്രവർത്തിച്ചവർ രാജ്യസ്നേഹികളായി ചമയുകയും ചെയ്യുന്ന വർത്തമാന കാലത്ത്  യഥാർത്ഥ സ്വാതന്ത്ര്യ സമരത്തെയും അതിനുവേണ്ടി ജീവത്യാഗം ചെയ്തവരെയും സ്മരിച്ചുകൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച  ‘സ്വാതന്ത്ര്യത്തിന്റെ നാൾ വഴികളിലൂടെ’ എന്ന സെമിനാർ ശ്രദ്ധേയമായി.

രാജ്യത്തുടനീളം സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ പങ്കെടുത്ത മുസ്‌ലിം പോരാളികളെയും മറ്റു നേതാക്കളെയും വെറും രാഷ്ട്രീയ ജാതീയ വംശ വെറിയുടെ  കണ്ണുകളിൽ നോക്കിക്കണ്ടു അയഥാർത്ഥ ചിത്രങ്ങളെ കുഞ്ഞുമക്കളിൽ പോലും കോറിവരച്ചു അവരെ അപഥ സഞ്ചാരത്തിലേക്ക് നയിക്കുന്ന വിദ്യാഭ്യാസ നയത്തെയും, തങ്ങൾക്കിഷ്ടമല്ലാത്ത വാർത്തകളെയും യാഥാർഥ്യങ്ങളെയും പണം കൊണ്ടും ശക്തികൊണ്ടും ഇല്ലാതാക്കുന്ന സോഷ്യൽ മീഡിയ തീവ്രാവാദത്തെയും, നിസ്വാർത്ഥരായ ഗവർമെന്റ് ഉദ്യോഗസ്ഥരെപോലും തങ്ങൾക്കെതിരുനിൽക്കുന്നുവെന്ന കാരണം പറഞ്ഞു നിഷ്കാസനം ചെയ്യുകയും തുറുങ്കിലടക്കുകയും ചെയ്യുന്ന അധികാര വർഗ ഭീകരതയെയും, ഇന്ത്യാ ഗേറ്റിൽ കൊത്തിവെച്ച സ്വാതന്ത്ര്യ സമര നായകന്മാരുടെ പേരിൽ മുസ്ലിം നാമധേയം മാത്രം തിരഞ്ഞുപിടിച്ച് മാറ്റിയെഴുതുന്ന ഭരണകൂട മാധ്യമ  ഭീകരതയെയും സെമിനാറിൽ പങ്കെടുത്ത് സംസാരിച്ച എല്ലാവരും നിശിതമായി വിമർശിച്ചു.
‘താൻ പ്രാർത്ഥന നിർവഹിച്ചു എന്ന ഒറ്റക്കാരണത്താൽ മുസ്ലിംകളെങ്ങാനും താൻ നമസ്കരിച്ച ക്രിസ്ത്യൻ പള്ളിക്ക് അവകാശവാദമുന്നയിക്കുമോ എന്ന് ഭയന്ന് ക്രിസ്ത്യൻ പള്ളിയിൽ നമസ്കരിക്കാൻ വിസമ്മതിച്ച ഖലീഫാ ഉമറിന്റെ ഭരണമാണ് സ്വതന്ത്ര ഇന്ത്യയിൽ താൻ വിഭാവനം ചെയ്യുന്നതെന്ന് സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം പത്രക്കാരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ ഗാന്ധിജിയെ വധിച്ചവർ  ഇന്ന് സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായി ചമയുന്ന കാഴ്ച കൗതുകമുളവാക്കുന്നുവെന്നും, സ്വന്തം രാജ്യത്തെയും സ്വത്തിനെയും സംരക്ഷിക്കാൻ ചെറുത്തുനിന്ന് ജീവത്യാഗം ചെയ്തവരെ ഭീകരവാദികളായും വിഭജന വാദികളായും ചിത്രീകരിക്കുന്നതും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, യഥാർത്ഥ ഇന്ത്യാ ചരിത്രം പഠന വിധേയമാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
പ്രമുഖ മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര ‘സ്വതന്ത്ര ഇന്ത്യ, ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിലും, കെ. എം. സി. സി പ്രതിനിധി റഫീഖ് തോട്ടക്കര ‘പോരാട്ടത്തിലെ മുസ്ലിം മുഖങ്ങൾ’ എന്ന വിഷയത്തിലും അൽ മന്നായി പ്രബോധകൻ സമീർ ഫാറൂഖി ‘ആധുനിക ഇന്ത്യ മുസ്ലിം ദൗത്യം’ എന്ന വിഷയത്തെ അധികരിച്ചും പ്രമേയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. സാദിഖ് ബിൻ യഹ്‌യ മോഡറേറ്ററായിരുന്നു. തണൽ ബഹ്‌റൈൻ ഭാരവാഹി റഷീദ് മാഹി ആശംസകളർപ്പിച്ചു. ലത്തീഫ് ചാലിയം സ്വാഗതവും നഫ്സിൻ നന്ദിയും പറഞ്ഞു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!