മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓപ്പറേറ്ററും മാനേജിംഗ് ബോഡിയുമായ ബഹ്‌റൈൻ എയർപോർട്ട് കമ്പനിയുടെ (BAC) പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) അഹമ്മദ് മുഹമ്മദ് ജനാഹിയെ നിയമിച്ചു. നിയമനം ആഗസ്റ്റ് 2 മുതൽ പ്രാബല്യത്തിൽ വന്നു.
വിമാനത്താവള നടത്തിപ്പിലും ഏവിയേഷൻ മേഖലയിലും ദീർഘകാല പരിചയസമ്പത്തുള്ള വ്യക്തിയാണ് അഹമ്മദ് ജനാഹിയെന്ന് ബഹ്‌റൈൻ എയർപോർട്ട് കമ്പനി ചെയർമാൻ ഖാലിദ് ഹുസൈൻ തഖി പറഞ്ഞു. കമ്പനിയുടെ പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കാനും, യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്താനും, തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ കൈവരിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഡയറക്ടർ ബോർഡുമായും പങ്കാളികളുമായും ചേർന്ന് പ്രവർത്തിച്ച് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പുതിയ സി.ഇ.ഒ അഹമ്മദ് ജനാഹി വ്യക്തമാക്കി. രാജ്യത്തിന്റെ ദേശീയ ഏവിയേഷൻ സ്ട്രാറ്റജി നടപ്പിലാക്കുന്നതിൽ കമ്പനി മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്താവള വികസനം, എയർലൈൻ ഓപ്പറേഷൻസ്, സേഫ്റ്റി, ക്രൈസിസ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ 20 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ജനാഹി. പുതിയ നിയമനത്തിന് മുമ്പ് ബഹ്‌റൈൻ എയർപോർട്ട് കമ്പനിയുടെ ആക്ടിംഗ് സി.ഇ.ഒ ആയും ചീഫ് എയർപോർട്ട് ഓപ്പറേഷൻസ് ഓഫീസറായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഒമാൻ എയർ, ഗൾഫ് എയർ എന്നിവയിൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്ത അദ്ദേഹം ബഹ്‌റൈൻ എയർപോർട്ട് സർവീസസ് (BAS), സേബർ ട്രാവൽ നെറ്റ്‌വർക്ക് മിഡിൽ ഈസ്റ്റ് എന്നിവയുടെ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
സ്വദേശി പ്രതിഭകളെ ഉയർന്ന തസ്തികകളിൽ നിയമിച്ച് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തെ മേഖലയിലെ മുൻനിര ഏവിയേഷൻ ഹബ്ബായി വളർത്താനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിയമനം.









