മനാമ: ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നാടകപ്രവർത്തകർക്കായി സംഘടിപ്പിച്ച “അകം” നാടകക്യാമ്പ് വിജയകരമായി സമാപിച്ചു. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച്, പരിശീലനത്തിൽ പങ്കെടുത്തവർ അണിനിരക്കുന്ന ‘ഞങ്ങോ… നിങ്ങോ…’ എന്ന ക്യാരിക്കേച്ചർ നാടകം 2026 ആഗസ്റ്റ് 4 ചൊവ്വാഴ്ച വൈകീട്ട് 8.30-ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.
പ്രശസ്ത പരിശീലകനും തിയറ്റർ ആക്ടിവിസ്റ്റുമായ ഉദയൻ കുണ്ടംകുഴിയാണ് ഒരു മാസക്കാലം നീണ്ടുനിന്ന പരിശീലനത്തിന് നേതൃത്വം നൽകിയത്. ശബ്ദം, ഭാവം, താളം, ശരീരചലനം, ശ്രദ്ധ, ഓർമ്മ, ഏകാഗ്രത, ഭാവന, നിരീക്ഷണം, കൂട്ടായ്മ എന്നിവയിലൂന്നിയുള്ള തീവ്രമായ പ്രായോഗിക പരിശീലനമാണ് ക്യാമ്പിൽ പങ്കെടുത്തവർക്ക് നൽകിയത്.
കാണികൾക്കിടയിൽ പ്രത്യേകം സജ്ജമാക്കുന്ന വേദിയിൽ അവതരിപ്പിക്കുന്ന ഈ ‘തിയറ്റർ സ്കെച്ച്’, നർമ്മവും ആക്ഷേപഹാസ്യവും സമന്വയിപ്പിച്ച വേറിട്ടൊരു നാടകാനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക.
ഈ വേറിട്ട നാടകാവതരണം ആസ്വദിക്കുന്നതിനും പുതുമുഖ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹ്റൈനിലെ മുഴുവൻ നാടകാസ്വാദകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.









