small icons
small icons

കേരള ബജറ്റ് പ്രവാസികളോട് കാണിച്ച വഞ്ചന; പാടെ അവഗണിച്ചെന്ന് ബഹ്‌റൈൻ നവകേരള

navakerala

മനാമ: യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം തീർത്തും നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് ബഹ്‌റൈൻ നവകേരള പ്രസ്താവനയിൽ അറിയിച്ചു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എക്കാലത്തും താങ്ങിനിർത്തുന്ന പ്രവാസികളുടെ വലിയ സംഭാവനകൾക്ക് അർഹിക്കുന്ന യാതൊരു പ്രാധാന്യവും ഈ ബജറ്റിൽ നൽകിയിട്ടില്ല.

ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ അനിശ്ചിതത്വം വർദ്ധിച്ചുവരുന്ന നിലവിലെ സാഹചര്യത്തിൽ, തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പുനരധിവാസ പാക്കേജുകൾ, സംരംഭകത്വ സഹായ പദ്ധതികൾ, പലിശരഹിത വായ്പകൾ, പ്രത്യേക നിക്ഷേപ സംരക്ഷണ പദ്ധതികൾ എന്നിവ ഈ ബജറ്റിൽ ശക്തമായി പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ ഇത്തരം ആവശ്യങ്ങളെയെല്ലാം സർക്കാർ പൂർണ്ണമായും അവഗണിച്ചു.

മുൻ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന പ്രവാസി ക്ഷേമനിധി, ആരോഗ്യ ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, വിദേശത്ത് ജോലി നഷ്ടപ്പെടുന്നവർക്കുള്ള അടിയന്തര സഹായ പദ്ധതികൾ എന്നിവയ്ക്കുള്ള കൃത്യമായ ഫണ്ട് വകയിരുത്തൽ ഈ ബജറ്റിൽ എവിടെയും പ്രതിഫലിക്കുന്നില്ല. പ്രവാസികളുടെ സമ്പാദ്യം കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കണമെന്ന് ആവർത്തിക്കുമ്പോഴും, അവരുടെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടിയോ സുരക്ഷിതമായ പദ്ധതികളോ ഉറപ്പാക്കാൻ ബജറ്റിൽ യാതൊരു നിർദ്ദേശവുമില്ല.

കഴിഞ്ഞ സർക്കാർ ‘നോർക്ക’ (NORKA) വഴി മുപ്പത്തിയാറോളം സുപ്രധാന പദ്ധതികളാണ് പ്രവാസികൾക്കായി നടപ്പിലാക്കിയിരുന്നത്. എന്നാൽ ഈ ബജറ്റിൽ നോർക്ക എന്ന വാക്കുപോലും പരാമർശിച്ചിട്ടില്ല എന്നത് ഞെട്ടിക്കുന്നതാണ്. ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും പ്രവാസികളുടെ ശബ്ദം ഭരണാധികാരികളിൽ എത്തിക്കുകയും ചെയ്ത ‘ലോക കേരള സഭ’യെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നു. വാക്കുകളിൽ മാത്രം വിസ്മയം തീർക്കുകയും പ്രവർത്തിപഥത്തിൽ പ്രവാസികൾക്കായി ഒന്നും ചെയ്യാതിരിക്കുകയും ചെയ്ത ഈ ബജറ്റ് പ്രവാസി സമൂഹത്തോട് കാണിച്ച കടുത്ത വഞ്ചനയാണെന്ന് ബഹ്‌റൈൻ നവകേരള കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!