മനാമ: ബഹ്റൈനിലെ പ്രമുഖ ഇവന്റ് കോ-ഓർഡിനേറ്ററും കൊല്ലം തെന്മല സ്വദേശിയുമായ ബ്ലെസ്സൻ ജോയ് (50) നാട്ടിൽ നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രി ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. അസുഖബാധയെ തുടർന്ന് മൂന്ന് മാസം മുമ്പാണ് അദ്ദേഹം ഉപരിചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയത്.
വർഷങ്ങളായി ബഹ്റൈനിലെ മലയാളി സംഘടനകളുടെ പ്രമുഖ സ്റ്റേജ് പരിപാടികളുടെ കോ-ഓർഡിനേറ്ററായും ആർട്ടിസ്റ്റ് മാനേജറായും പ്രവർത്തിച്ചുവരികയായിരുന്നു. പ്രവാസി സാംസ്കാരിക കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കഴിഞ്ഞ ആറ് വർഷക്കാലമായി ബി.എം.സിയിലെ ഇവന്റ് കോ-ഓർഡിനേറ്ററായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
പരേതരായ എൻ. ജോയിയുടെയും അന്നമ്മ ജോയിയുടെയും മകനാണ്. ബ്ലെസ്സൻ ജോയിയുടെ നിര്യാണത്തിൽ ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.









