ദുബായ്: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ ചെക്ക്കേസിൽ ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ വഴിമുട്ടി. പരാതിക്കാരൻ നാസിലിന് ആറ് കോടി നല്കി ഒത്തുതീര്‍പ്പിനില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തുഷാറിന്റെയും നാസിലിന്റെയും ബിസിനസ് സുഹൃത്തുക്കൾ തമ്മിൽ ദുബായിയിലും ഷാർജയിലും ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ആറ് കോടി രൂപ കിട്ടിയാലേ കേസ് പിൻവലിക്കൂ എന്ന നിലപാടിലാണ് നാസിൽ. മൂന്ന് കോടി രൂപ വരെ കൊടുക്കാം എന്ന വ്യവസ്ഥ നാസിൽ സമ്മതിച്ചാൽ മാത്രമേ ഇനി കോടതിക്ക് പുറത്തു ചർച്ചയുള്ളൂ എന്നാണ് തുഷാറിന്റെ ഇപ്പോഴത്തെ നിലപാട്.
നാസിലിന്റെ കയ്യിലുള്ള ചെക്കിൽ സ്പോൺസറുടെ ഒപ്പ് ഇല്ല. ഗുണഭോക്താവ് സ്വയം തീയതി എഴുതി ചേർക്കുന്നത് നിയമ വിരുദ്ധമാണ്. ഈ രണ്ടു ഘടകങ്ങൾ തനിക്ക് അനുകൂലമാകുമെന്ന നിയമോപദേശമാണ് തുഷാറിന് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കേസിനെ നിയമ പരമായി കോടതിയിൽ നേരിടാനാണ് തീരുമാനമെന്നും തുഷാര്‍ വെള്ളാപള്ളി അറിയിച്ചു. നാട്ടിലേക്ക് പോകാന്‍ വൈകിയാലും കുഴപ്പമില്ല, ആറുകോടി കൊടുത്തു കേസ് ഒത്തു തീര്‍പ്പാക്കുന്ന പ്രശ്നമില്ലെന്നും തുഷാര്‍ വ്യക്തമാക്കി.