സന്തുഷ്ടമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അസ്തിവാരം: പി.മുജീബ് റഹ്മാന്‍ 

മനാമ: സന്തുഷ്ടമായ കുടുംബം സുരക്ഷിത സമൂഹത്തിെൻറ അസ്തിവാരമാണെന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാനും പ്രഭാഷകനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ പി. മുജീബ് റഹ്മാന്‍ വ്യക്തമാക്കി. ‘സന്തുഷ്ട കുടുംബം സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ നടത്തിയ കാമ്പയിന്‍ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരസ്പര സ്നേഹത്താല്‍ അംഗങ്ങള്‍ക്കിടയില്‍ ബന്ധിക്കപ്പെട്ടില്ലെങ്കില്‍ കുടുംബം ശിഥിലവും അനാഥവുമാകും. പരസ്പരം താങ്ങും തണലുമായി വര്‍ത്തിക്കാന്‍ സാധിക്കുമ്പോഴാണ് പ്രതീക്ഷയുറ്റ കുടുംബവും സമൂഹവും രൂപപ്പെടുകയുള്ളൂ. പല കാരണങ്ങളാല്‍ സാമൂഹികമായി ഒറ്റപ്പെട്ട് പോകുന്നവരെ ചേര്‍ത്ത് പിടിക്കാന്‍ സാധിക്കേണ്ടതുണ്ട്. സങ്കടങ്ങളും ദു:ഖങ്ങളും കേട്ട് കൊടുക്കുകയും ആശ്വാസവാക്കുകള്‍ നല്‍കാന്‍ സാധിക്കുകയും ചെയ്താല്‍ തന്നെ പല പ്രശ്നങ്ങളും ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും. ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നീറുന്ന പ്രശ്നങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യുന്നവരെ അതില്‍ നിന്ന് കരകയറ്റാന്‍ സാധ്യതകള്‍ ധാരാളമുണ്ട്. പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ സന്നദ്ധതയുള്ള സന്മനസ്സുള്ള ഒരു പാട് പേര്‍ സമൂഹത്തിലുണ്ടെന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. പ്രയാസപ്പെടുന്നവരെയും അവരെ സഹായിക്കാന്‍ സന്നദ്ധരായവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിശ്വാസ്യതയുള്ള കണ്ണിയാണ് ആവശ്യമായിട്ടുള്ളത്. കേരളത്തില്‍ അത്തരമൊരു ദൗത്യമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏറ്റെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ സമ്പത്തിന്‍െറ ഒരു ഭാഗം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കാന്‍ സന്നദ്ധരായവരുടെ എണ്ണം മുമ്പത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. അതിന്‍െറ പേരില്‍ പ്രശംസയും നന്ദിവാക്കുകളും ആഗ്രഹിക്കാത്തവരാണ് കൂടുതലും എന്നതും ഏറെ സന്തോഷകരമാണ്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്‍െറ കാരുണ്യത്തിെൻറയും ആര്‍ദ്രതയുടെയും ആയിരം സംഭവ സാക്ഷ്യങ്ങള്‍ നമ്മുടെ മനസ്സിലും കാരുണ്യം കിനിയിക്കാന്‍ കഴിയുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈനിലെ പ്രവാസി സമൂഹത്തിനിടിയില്‍ പ്രതീക്ഷയുടെ താങ്ങും തണലുമായി മാറാന്‍ ഇത്തരം കാമ്പയിനുകള്‍ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മുഹററഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ ഫ്രൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. എം സുബൈര്‍ സ്വാഗതവും സമ്മേളന കണ്‍വീനര്‍ എം. ബദ്റുദ്ദീന്‍ നന്ദിയും പറഞ്ഞു. കെ.എം മുഹമ്മദ്, വി. അബ്ദുല്‍ ജലീല്‍, വി.വി.കെ അബ്ദുല്‍ മജീദ്, റഷീദ് കുറ്റ്യാടി, വി.എന്‍ മുര്‍ഷാദ്, സലാഹുദ്ദീന്‍, യു.കെ നാസര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.