മനാമ: കെഎംസിസി ബഹ്‌റൈൻ മുൻ സംസ്ഥാന സെക്രട്ടറിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ശരീഫ് വില്ല്യാപ്പള്ളിക്ക് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഹൃദയങ്കമമായ യാത്രയയപ്പ് നൽകി. മനാമ കെഎംസിസി ഹാളിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷത വഹിച്ച പരിപാടി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി അഷറഫ് കാട്ടിൽപീടിക ഉദ്ഘാടനം ചെയ്തു. ദീർഘകാലത്തെ സംഘടനാ പ്രവർത്തനത്തിലൂടെ ജനമനസ്സുകളിൽ ഇടംനേടിയ വ്യക്തിത്വമാണ് ശരീഫ് വില്ല്യാപ്പള്ളിയെന്നും, സാമൂഹിക-ജീവകാരുണ്യ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ശരീഫ് വില്ല്യാപ്പള്ളിക്ക് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ ഷാൾ അണിയിക്കുകയും ഭാരവാഹികൾ ചേർന്ന് മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു. കൂടാതെ കുറ്റ്യാടി, കൊയിലാണ്ടി, വടകര, പേരാമ്പ്ര, നാദാപുരം, കൊടുവള്ളി എന്നീ നിയോജക മണ്ഡലം കമ്മിറ്റികളും അദ്ദേഹത്തെ മൊമെന്റോ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീത്താഴ, സലീം തളങ്കര, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നസീം പേരാമ്പ്ര, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ഒ.കെ. കാസിം, വൈസ് പ്രസിഡന്റുമാരായ അഷറഫ് തോടന്നൂർ, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി റഷീദ് വല്യക്കോട് നന്ദിയും പറഞ്ഞു.









