മനാമ: ‘ജീവൻ്റെ തുടിപ്പിനായി ഒരുതുള്ളി രക്തം’ എന്ന ശീർഷകത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ആറാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടന്ന ക്യാമ്പിൽ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എൺപത്തിയഞ്ചോളം പേർ പങ്കുചേർന്ന് രക്തം നൽകി.
മൈത്രി പ്രസിഡന്റ് സലിം തയ്യിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക്‌സഭാംഗവുമായ കെ.ടി. സലിം ഉദ്ഘാടനം ചെയ്തു. മൈത്രി ബഹ്റൈൻ ജീവകാരുണ്യ രംഗത്ത് നടത്തുന്ന സജീവ ഇടപെടലുകളെയും സാമൂഹിക പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
രക്ഷാധികാരി ഷിബു പത്തനംതിട്ട, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, മാധ്യമ പ്രവർത്തകൻ ഇ. രാജീവ്, സാമൂഹിക പ്രവർത്തകരായ ഫസലു ഹഖ്, മജീദ് തണൽ, മൻഷീർ, സ്റ്റീഫൻസൺ, മുസ്തഫ പട്ടാമ്പി, ഗഫൂർ മൂക്കുതല എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു. ട്രഷറർ അബ്ദുൽ ബാരിയുടെ നന്ദി പ്രകടനത്തോടെ ക്യാമ്പ് സമാപിച്ചു. സുമനസ്സുകളുടെ പങ്കാളിത്തം കൊണ്ട് ക്യാമ്പ് വൻ വിജയമാക്കിയ എല്ലാവർക്കും മൈത്രി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.









