മനാമ: 20 വയസ്സുള്ള ഗാർഹിക തൊഴിലാളിയെ ശമ്പളം നൽകതെ നിർബന്ധിത ജോലിക്ക് വിധേയയാക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത കേസിൽ ഏഷ്യൻ വനിതയ്ക്ക് വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷയും 2,000 ബഹ്‌റൈൻ ദീനാർ പിഴയും ബഹ്‌റൈനിലെ പരമോന്നത കോടതിയായ കാസേഷൻ കോടതി ശരിവെച്ചു. ഇരയായ യുവതിയെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനുള്ള മുഴുവൻ യാത്രാച്ചെലവുകളും പ്രതി തന്നെ വഹിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കോടതി രേഖകൾ പ്രകാരം, 2024 ജനുവരി മുതൽ 2025 ജനുവരി വരെയുള്ള ഒരു വർഷക്കാലത്തിനിടയിൽ ഒൻപതോളം കുടുംബങ്ങളിലാണ് ഇരയായ പെൺകുട്ടി ജോലി ചെയ്തത്. എന്നാൽ ആദ്യത്തെ രണ്ട് മാസത്തെ വേതനം ഒഴികെ മറ്റൊന്നും തന്നെ തൊഴിലാളിക്ക് ലഭിച്ചിരുന്നില്ല. പെൺകുട്ടിയുടെ പാസ്‌പോർട്ട് നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും, ജോലി ചെയ്ത ശമ്പളം പ്രതി സ്വന്തമായി കൈപ്പറ്റുകയുമായിരുന്നു.
ആഭ്യന്തര മന്ത്രാലയവും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (LMRA) നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് ഇത് മനുഷ്യക്കടത്താണെന്നും ലൈസൻസില്ലാത്ത തൊഴിൽ റിക്രൂട്ട്‌മെന്റ് ഏജൻസിയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും വ്യക്തമായത്. താഴെത്തട്ടിലെ കോടതികൾ നൽകിയ ശിക്ഷയ്‌ക്കെതിരെ പ്രതി നൽകിയ അപ്പീൽ തള്ളിയാണ് കാസേഷൻ കോടതി മുൻവിധി പൂർണ്ണമായി ശരിവെച്ചത്.









