മനാമ: സമയം പാലിക്കുന്നതിലും പ്രവർത്തന മികവിലും ഗൾഫ് മേഖലയിലെ വിമാനക്കമ്പനികളിൽ ഒന്നാം സ്ഥാനം നേടി ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ. സ്വതന്ത്ര അന്താരാഷ്ട്ര വ്യോമയാന വിശകലന ഏജൻസികളായ ‘സിറിയം’, ‘ഒ.എ.ജി’ എന്നിവ പുറത്തുവിട്ട 2026 ആഗസ്റ്റ് മാസത്തെ റിപ്പോർട്ടുകളിലാണ് ഗൾഫ് എയർ ഈ ചരിത്ര നേട്ടം കൈവരിച്ചത്.
സിറിയത്തിന്റെ ഓൺ-ടൈം പെർഫോമൻസ് റിപ്പോർട്ട് പ്രകാരം 92.47 ശതമാനം കൃത്യതയോടെയാണ് ഗൾഫ് എയർ വിമാനങ്ങൾ സർവീസ് നടത്തിയത്. മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനവും, മിഡിൽ ഈസ്റ്റ്-ആഫ്രിക്ക മേഖലയിൽ രണ്ടാം സ്ഥാനവും ഗൾഫ് എയർ കരസ്ഥമാക്കി. ജൂലൈ മാസത്തിലെ 84.93 ശതമാനത്തിൽ നിന്ന് 7.54 ശതമാനം ഉയർച്ചയാണ് ആഗസ്റ്റിൽ കൈവരിച്ചത്. മാസം ആകെ നടത്തിയ 4,422 സർവീസുകളിൽ 99.50 ശതമാനവും വിജയകരമായി പൂർത്തിയാക്കി.
ഒ.എ.ജി പുറത്തുവിട്ട ആഗോള റാങ്കിംഗിൽ 90.35 ശതമാനം കൃത്യതയോടെ ലോകതലത്തിൽ നാലാം സ്ഥാനവും മിഡിൽ ഈസ്റ്റിൽ രണ്ടാം സ്ഥാനവും ഗൾഫ് എയർ നേടി. ആകെ സർവീസുകളിൽ വെറും 0.45 ശതമാനം മാത്രമാണ് റദ്ദാക്കൽ നിരക്ക് രേഖപ്പെടുത്തിയത്. ജീവനക്കാരുടെ മികച്ച ഏകോപനവും പ്രവർത്തന മികവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഗൾഫ് എയർ വ്യക്തമാക്കി.








