മനാമ: ബഹ്റൈനിലെ പ്രമുഖ ഇന്ത്യൻ വനിതാ കൂട്ടായ്മയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ തങ്ങളുടെ എഴുപതാം വാർഷിക ആഘോഷങ്ങൾക്കും പ്രഥമ സി.എസ്.ആർ എക്സലൻസ് അവാർഡുകൾക്കും തുടക്കമിടുന്നു. സുപ്രീം കൗൺസിൽ ഫോർ വുമൺ അംഗവും ഇൻജാസ് ബഹ്റൈൻ ചെയർപേഴ്സണും, ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫയുടെ പത്നിയുമായ ഹെർ ഹൈനസ് ഷെയ്ഖ ഹെസ്സ ബിൻത് ഖലീഫ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
2026 ഡിസംബർ 10 വ്യാഴാഴ്ച ഗൾഫ് ഹോട്ടലിലെ ഗൾഫ് കൺവെൻഷൻ സെന്ററിലാണ് പ്ലാറ്റിനം ജൂബിലി ഗാലയും പുരസ്കാര സമർപ്പണവും നടക്കുക. എഴുപത് വർഷത്തെ സേവനം, സാംസ്കാരിക കൈമാറ്റം, ജീവകാരുണ്യ പ്രവർത്തനം എന്നീ തത്ത്വങ്ങൾ മുൻനിർത്തിയാണ് കലോത്സവവും പൊതുസമ്മേളനവും ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രധാന മൂന്ന് ഘട്ടങ്ങൾ
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മൂന്ന് പ്രധാന പരിപാടികളാണ് ഗാല ഈവന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:
-
പ്ലാറ്റിനം ജൂബിലി ഗാല ആഘോഷം: ഇന്ത്യ-ബഹ്റൈൻ സൗഹൃദവും സാംസ്കാരിക ഐക്യവും വിളിച്ചോതുന്ന സംഗീത സായാഹ്നവും കലാപരിപാടികളും.
-
പ്രഥമ ഐ.എൽ.എ സി.എസ്.ആർ എക്സലൻസ് അവാർഡുകൾ 2026: “സ്വയം സേവനത്തിന് മുൻഗണന” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്, സമൂഹത്തിന് ഉന്നത സംഭാവനകൾ നൽകിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അവാർഡുകൾ നൽകും. വേൾഡ് ക്ലാസ് ഓഡിറ്റിംഗ് സ്ഥാപനമായ കെ.പി.എം.ജി-ഫഖ്റോയുടെ നോളജ് പാർട്ണർഷിപ്പിലാണ് അവാർഡ് നിർണ്ണയം. ഹെർ ഹൈനസ് ഷെയ്ഖ ഹെസ്സ ബിൻത് ഖലീഫ അൽ ഖലീഫ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.
-
പ്ലാറ്റിനം ജൂബിലി സ്മരണിക പ്രകാശനം: ബഹ്റൈനിലെ സാമൂഹിക രംഗത്ത് വഴിത്തിരിവുണ്ടാക്കിയ വനിതാ കൂട്ടായ്മകളുടെ ചരിത്രവും ഐ.എൽ.എയുടെ എഴുപത് വർഷത്തെ പ്രയാണവും അടയാളപ്പെടുത്തുന്ന ചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം.
അവാർഡ് വിഭാഗങ്ങൾ
-
വുമൺ എംപവർമെന്റ് അവാർഡ്: സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം, ആരോഗ്യം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന കമ്പനികൾക്ക്.
-
സസ്റ്റൈനബിൾ എൻവിറോൺമെന്റ് അവാർഡ്: പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, കാർബൺ ഉദ്വമനം കുറയ്ക്കൽ എന്നിവ നടപ്പിലാക്കിയ സ്ഥാപനങ്ങൾക്ക്.
-
സി.എസ്.ആർ കമ്പനി ഓഫ് ദി ഇയർ: സാമൂഹിക ഉത്തരവാദിത്തങ്ങളിൽ സമഗ്ര സംഭാവന നൽകിയ മികച്ച കമ്പനിക്ക്.
-
വുമൺ ഓഫ് ഇംപാക്ട് (ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്): ഒരു പതിറ്റാണ്ടിലേറെയായി സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വനിതയ്ക്ക് നൽകുന്ന വ്യക്തിഗത പുരസ്കാരം.
ബഹ്റൈനിൽ സി.ആർ ഉള്ള കമ്പനികൾക്കും സ്വദേശികൾക്കും പ്രവാസികൾക്കും അവാർഡിനായി അപേക്ഷിക്കാം. ലഭിക്കുന്ന ലാഭവിഹിതം മുഴുവൻ ബഹ്റൈനിലെ പ്രാദേശിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് ഐ.എൽ.എ പ്രസിഡന്റ് സ്മിത ജെൻസൻ, ജൂബിലി കോ-ചെയർമാരായ ശാരദ അജിത്, മീര രവി, സി.എസ്.ആർ അവാർഡ് കമ്മിറ്റി ഭാരവാഹികളായ ദീപ്തി ഉത്തം, കവിതശ്രീ എന്നിവർ അറിയിച്ചു. അപേക്ഷകൾ ഡിജിറ്റൽ സംവിധാനം വഴി സമർപ്പിക്കാം.









