മനാമ: സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി ഭരണനേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും ബഹ്റൈൻ മന്ത്രിസഭ ആശംസകൾ അറിയിച്ചു. ഗുദൈബിയ കൊട്ടാരത്തിൽ ഡെപ്യൂട്ടി കിംഗും കിരീടാവകാശിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ആശംസകൾ നേർന്നത്.
ഇരുഹറമുകളുടെ സൂക്ഷിപ്പുകാരനായ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെയും നേതൃത്വത്തിൽ സൗദി അറേബ്യ കൈവരിച്ച മഹത്തായ നേട്ടങ്ങളെയും പുരോഗതിയെയും മന്ത്രിസഭ പ്രകീർത്തിച്ചു.
അതോടൊപ്പം, സൗദി അറേബ്യയ്ക്കു നേരെ ഇറാന്റെ പിന്തുണയോടെ ഹൂതി മിലിഷ്യ നടത്തുന്ന ഭീകരാക്രമണങ്ങളെയും ജനവാസ മേഖലകളെ ലക്ഷ്യമിട്ടുള്ള തുടർച്ചയായ നീക്കങ്ങളെയും ബഹ്റൈൻ മന്ത്രിസഭ ശക്തമായി അപലപിച്ചു. ഹൂതികളുടെ ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും രക്ഷാസമിതി പ്രമേയങ്ങളുടെയും പരസ്യമായ ലംഘനമാണെന്ന് യോഗം വ്യക്തമാക്കി.









