മനാമ: അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ പ്രമുഖ നിയമ സ്ഥാപനമായ ‘ജോസഫ് ഹേഗ് ആറൺസൺ ആൻഡ് ബ്രെമൻ’ തങ്ങളുടെ ആഗോള പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിൽ പുതിയ ഓഫീസ് ആരംഭിക്കും. ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡിന്റെ നേതൃത്വത്തിൽ ഫോർ സീസൺസ് ഹോട്ടലിൽ സംഘടിപ്പിച്ച നാലാമത് ‘ഗേറ്റ്വേ ഗൾഫ് ഇൻവെസ്റ്റ്മെന്റ് ഫോറം 2026’ വേദിയിലാണ് പ്രഖ്യാപനമുണ്ടായത്.
പ്രൈവറ്റ് വെൽത്ത് അഡ്വൈസറി സർവീസസ് (സ്വകാര്യ സമ്പത്ത് ക്രമീകരണ ഉപദേശങ്ങൾ), തർക്ക പരിഹാരങ്ങൾ, അന്താരാഷ്ട്ര ആർബിട്രേഷൻ എന്നിവയിലാണ് കമ്പനിയുടെ ബഹ്റൈൻ ഓഫീസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. വൻകിട വ്യവസായികൾ, വ്യവസായ കുടുംബങ്ങൾ, ഫാമിലി ഓഫീസുകൾ എന്നിവർക്ക് നികുതി, ട്രസ്റ്റുകൾ, പിന്തുടർച്ചാവകാശ ആസൂത്രണം, അതിർത്തി കടന്നുള്ള സാമ്പത്തിക വിഷയം എന്നിവയിൽ സ്ഥാപനം നിയമസഹായം നൽകും.
മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനും ജി.സി.സി രാജ്യങ്ങളിലെ ഉപഭോക്താക്കൾക്കും ഉപദേശകർക്കും സേവനം ലഭ്യമാക്കുന്നതിനും ബഹ്റൈൻ ഓഫീസ് വഴിയൊരുക്കുമെന്ന് JHAB സ്ഥാപകൻ ജോ ഹേഗ് വ്യക്തമാക്കി. ബഹ്റൈൻ അന്താരാഷ്ട്ര ബിസിനസ്സ്-സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ കൈവരിക്കുന്ന പുരോഗതിയും സുതാര്യമായ നിയമ വ്യവസ്ഥയും തങ്ങളെ ആകർഷിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സുതാര്യമായ നിയമ സംവിധാനങ്ങളും ബിസിനസ്സ് സൗഹൃദ അന്തരീക്ഷവുമാണ് ഇത്തരം അന്താരാഷ്ട്ര സ്ഥാപനങ്ങളെ ബഹ്റൈനിലേക്ക് ആകർഷിക്കുന്നതെന്ന് ബഹ്റൈൻ ഇ.ഡി.ബി ഫിനാൻഷ്യൽ സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ ദലാൽ ബുഹെജ്ജി അഭിപ്രായപ്പെട്ടു. തങ്ങളുടെ ലണ്ടൻ ടീമുമായി ചേർന്നാണ് കമ്പനിയുടെ ബഹ്റൈൻ ശാഖ പ്രവർത്തിക്കുക.









