മനാമ: മാധ്യമപ്രവർത്തകൻ ജോമോൻ കുരിശിങ്കലിന്റെ അകാല വിയോഗത്തിന്റെ തീരാവേദനയിലാണ് ബഹ്റൈൻ മലയാളി സമൂഹം. ബഹ്റൈനിലെ വിശേഷങ്ങൾക്കൊടുവില്‍ ‘ജോമോൻ കുരിശിങ്കൽ, 24 ന്യൂസ് ബഹ്റൈൻ’ എന്ന സൈൻ ഓഫ് ഓർമ്മയായെന്ന് ഇനിയും ബഹ്റൈനിലെ പ്രവാസികൾക്ക് വിശ്വസിക്കാനായിട്ടില്ല. രാഷ്ട്രീയം സൗഹൃദങ്ങളെ ബാധിക്കരുതെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം എല്ലാ പ്രാവാസികളോടും ഹൃദയബന്ധം സൂക്ഷിച്ചിരുന്നതിനൊപ്പം, ഒട്ടേറെ ബഹ്റൈൻ പൗരന്മാരുടേയും പ്രിയങ്കരനായിരുന്നു.
മാധ്യമ പ്രവർത്തനത്തിനു പുറമെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തിയ അദ്ദേഹം കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മുൻപന്തിയിൽ ഉണ്ടായിരുന്നു.
കോവിഡ് സമയത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ ഭാരത സർക്കാർ നടപ്പിലാക്കിയ വന്ദേ ഭാരത് മിഷന്റെ ആദ്യ വിമാനം പുറപ്പെട്ടപ്പോൾ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ മുഴുവൻ ആവേശവും നാട്ടുകാർ അറിഞ്ഞത് ജോമോന്റെ ശബ്ദത്തിലൂടെയായിരുന്നു.
ജോമോൻ്റെ ക്യാമറക്കണ്ണുകളിൽ ഒരിക്കലെങ്കിലും പതിയാത്ത പ്രവാസി സമൂഹത്തിലെ മുഖങ്ങൾ വിരളമാണെന്നു തന്നെ പറയാം.
ബഹ്റൈനിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിലെ സജീവ സാനിധ്യമായിരുന്ന ജോമോൻ മീഡിയ വൺ, ജനം തുടങ്ങിയ ചാനലുകളിൽ സേവനമനുഷ്ഠിച്ചതിനു ശേഷമാണ് 24 ന്യൂസിൽ എത്തിയത്. മറ്റ് ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ബഹ്റൈൻ വാർത്തയുമായും അദ്ദേഹത്തിനുള്ള ബന്ധം വിലമതിക്കാനാവാത്തതാണ്.
ഇന്ന് (8/02/2021) വൈകിട്ടുള്ള എമിറേറ്റ്സ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള അവസാന ഘട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അകാല വിയോഗത്തിൽ ബഹ്റൈനിലെ നിരവധി സംഘടകളുടെയും വ്യക്തിത്വങ്ങളുടെയും അനുശോചന പ്രവാഹം തുടരുകയാണ്. മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരളാ മീഡിയാ ഫോറം, ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, ബഹ്റൈൻ കേരളാ സോഷ്യൽ ഫോറം, ബഹ്റൈൻ മലയാളി ബിസിനസ് ഫോറം, കെ എം സി സി ബഹ്‌റൈൻ, ഒ ഐ സി സി ബഹ്‌റൈൻ, കെ സി എ, ബഹ്‌റൈൻ പ്രതിഭ, ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ, ഇന്ഡക്സ് ബഹ്‌റൈൻ, ബഹ്റിൻ ജനകീയ പലിശവിരുദ്ധ സമിതി, കുടുംബ സൗഹൃദ വേദി, പി സി എഫ് ബഹ്‌റൈൻ, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഐ ഒ സി ബഹ്‌റൈൻ, ഐവൈസിസി ബഹ്റൈൻ, കെ.പി.എ ബഹ്‌റൈൻ, ഇന്ത്യൻ സോഷ്യൽ ഫോറം, ഐ ഓ സി ബഹ്റൈൻ, രജനി മക്കൾ മൺട്രം, സിംസ് ബഹ്റൈൻ, …… തുടങ്ങി നിരവധി സംഘടനകളാണ് അനുശോചന പ്രവാഹം തുടരുന്നത്.
വാര്‍ത്തകളോട് സത്യസന്ധത പുലര്‍ത്തിയ മാധ്യമ പ്രര്‍ത്തകന്‍; ജോമോന്റെ നിര്യാണത്തില്‍ കെഎംഎഫ് ബഹ്‌റൈന്‍ അനുശോചിച്ചു
മനാമ: 24 ന്യൂസിന്റെ ബഹ്‌റൈനിലെ റിപ്പോര്‍ട്ടര്‍ ജോമോന്‍ കുരിശിങ്കലിന്റെ നിര്യാണത്തിൽ കേരള മീഡിയാ ഫോറം (കെഎംഎഫ്) അനുശോചിച്ചു.
ജോമോന്റെ അകാല വിയോഗത്തോടെ ബഹ്‌റൈനിലെ മലയാള മാധ്യമ മേഖലക്ക് പ്രതിഭാ ശാലിയായ ഒരു മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വാര്‍ത്തകളോട് എന്നും സത്യസന്ധത പുലര്‍ത്തിയ ജേര്‍ണിലിസ്റ്റായിരുന്നു ജോമോന്‍. മാധ്യമ മേഖലയില്‍ വരുന്ന എല്ലാ സാങ്കേതിക, ബൗദ്ധിക വളര്‍ച്ചകളെയും ഉള്‍ക്കൊള്ളാനും അതിനൊത്ത് വളരാനുമായി ജോമോന്‍ കഠിന പ്രയത്‌നം നടത്തി. മികച്ച കാമറാമാന്‍, ഫൊട്ടോഗ്രഫര്‍, വീഡിയോ എഡിറ്റര്‍ എന്നിങ്ങനെ ജോമോന് വിശേഷങ്ങള്‍ നിരവധി.
ബഹ്‌റൈനില്‍ ഒരു സ്റ്റുഡിയോയിൽ ജീവനക്കാരനായി എത്തി തുടര്‍ന്ന് സ്വപ്രയത്‌നത്താലാണ് ഒരു മാധ്യമ പ്രവര്‍ത്തകനായി വളര്‍ന്നു വന്നത്.
പത്രപ്രവര്‍ത്തനത്തോടൊപ്പം പൊതുരംഗത്തും ജനകീയ വിഷയങ്ങള്‍ക്കായി സജീവമായി നിലനിന്ന വ്യക്തിയായിരുന്നു ജോമോന്‍. എല്ലാ മേഖലകളിലും വിശാലമായ സൗഹൃദത്തിന് ഉടമയായിരുന്നു.
പ്രവാസി വിഷന്‍ എന്ന ഓൺലൈൻ ചാനല്‍ കൂടി നടത്തിയിരുന്ന ജോമോന്‍ നേരത്തെ മീഡിയാ വണ്‍, ജനം ടിവി തുടങ്ങിയവക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ തുടിപ്പുകള്‍ ഒപ്പിയെടുത്ത് അത് ചാനലില്‍ നല്‍കാന്‍ ജോമോന് ആവേശമായിരുന്നു. സര്‍ക്കാര്‍ വാര്‍ത്തകളും അദ്ദേഹം പ്രവാസികളിലേക്ക് എത്തിച്ചു. ബഹ്‌റൈനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കെഎംഎഫ് എന്ന കൂട്ടായ്മ യാഥാര്‍ഥ്യമാക്കുന്നതില്‍ ജോമോന്റെ പങ്ക് വളരെ വലുതാണ്.
എല്ലാവരോടും ചിരിച്ച് മാത്രം ഇടപെട്ടിരുന്ന ജോമോന്റെ വിയോഗം ബഹറൈനിലെ മലയാളി സമൂഹത്തിന് നൊമ്പരമായിരിക്കയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നു. ജോമോന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അനുശോചന കുറിപ്പില്‍ അറിയിച്ചു.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ജോമോന്റെ നിരാലംബരായ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ട് വന്ന ബഹ്‌റൈനിലെ മലയാളി പ്രവാസി സമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായും അറിയിച്ചു.
ജോമോൻ കുരിശിങ്കലിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ കെഎംസിസി അനുശോചിച്ചു
24 ന്യൂസ് ബഹ്‌റൈൻ റിപ്പോർട്ടർ ജോമോൻ കുരിശിങ്കലിന്റെ പെട്ടെന്നുള്ള നിര്യാണം ബഹ്‌റൈൻ കെഎംസിസി യെ സംബന്ധിച്ചിടത്തോളം വളരെയധികം ദുഃഖിപ്പിക്കുന്നതാണെന്ന് ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബുറഹ്മാൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു. ബഹ്‌റൈൻ കെഎംസിസി ക്ക് എന്നും പിന്തുണയും സ്നേഹവും നൽകിയ ജോമോന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും ദുഃഖാർത്തരായ കുടുംബത്തിന്റെ വിഷമത്തിൽ പങ്കു ചേരുന്നതായും ബഹ്‌റൈൻ കെഎംസിസി അനുശോചന സന്ദേശത്തിൽ അറിയിച്ചു. ബഹ്‌റൈനിലെ മാധ്യമ രംഗത്തെ നിറസാന്നിധ്യമായിരുന്ന ജോമോൻ പൊതു സമൂഹത്തിൽ ഏറെ പ്രിയങ്കരനായിരുന്നുവെന്നും കെഎംസിസി ഭാരവാഹികൾ അനുശോചന കുറിപ്പിൽ പറഞ്ഞു.
ജോമോൻ കുരിശിങ്കൽന്റെ വിയോഗം തീരാനഷ്ടം – ഒഐസിസി
ഒഐസിസി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും 24 ന്യൂസ് ചാനലിന്റെയും, ഫ്‌ളവേഴ്സ് ടി വി ചാനലിന്റെയും ക്യാമറമാൻ ആയി പ്രവർത്തിച്ചു വന്നിരുന്ന ജോമോൻ കുരിശിങ്കൽന്റെ വിയോഗം ബഹ്‌റൈൻ പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഒഐസിസി ദേശീയ കമ്മറ്റി അനുശോചനകുറിപ്പിലൂടെ അറിയിച്ചു. ബഹ്‌റൈൻ പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ താൻ പ്രവർത്തിച്ചുവന്നിരുന്ന മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിനെ അറിയിക്കുവാനും അതിനൊക്കെ പരിഹാരം കാണുവാനും സാധിച്ചിട്ടുണ്ട്. നിരവധി പ്രവാസികൾ വ്യക്തിപരമായി നേരിട്ടുവന്നിരുന്ന പ്രശ്നങ്ങൾ ജോമോന്റെ ഇടപെടൽ മൂലം പൊതു സമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കുവാനും അതിനൊക്കെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രതിവിധി ഉണ്ടാക്കി കൊടുക്കുവാനും സാധിച്ചിട്ടുണ്ട്. എല്ലാ പ്രവാസി സംഘടനകളുമായി വളരെ അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്ന ജോമോന്റെ വിയോഗം എല്ലാസംഘടനകൾക്കും വളരെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജോമോൻ കുരിശിങ്കൽ ന്റെ വിയോഗത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുശോചനം രേഖപ്പെടുത്തി.
ഒഐസിസി ദേശീയ കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് വളരെയേറെ സംഭാവന നൽകിയ ആളാണ് ജോമോൻ കുരിശിങ്കൽ എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു. മാധ്യമ പ്രവർത്തനം വിഹിതമല്ലാത്ത മാർഗത്തിലൂടെ ധനസമ്പാദനത്തിനുള്ള മാർഗമായി ഒരിക്കലും കണ്ടിരുന്നില്ല. വളരെ പിന്നോക്കം നിൽക്കുന്ന ആ കുടുംബത്തിന് വേണ്ട പിന്തുണയും സഹായവും കൊടുക്കാൻ പ്രവാസിസംഘടനകൾ എല്ലാം തയാറാകണം എന്നും ഒഐസിസി ദേശീയ കമ്മറ്റി അഭ്യർത്ഥിച്ചു.
കെ സി എ ബഹ്റൈൻ ജോമോൻ കുരിശിങ്കലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
ബഹ്‌റൈൻ മാധ്യമ രംഗത്ത് ശ്രദ്ധേയ സാന്നിധ്യവും 24 ന്യൂസ് റിപ്പോർട്ടറുമായ ജോമോൻ കുരിശിങ്കലിന്റെ അകാല നിര്യാണത്തിൽ കേരള കാത്തലിക് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ഏവർക്കും സുപരിചിതനും ഒരു നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ജോമോൻ കുരിശിങ്കൽ എന്നു പ്രസിഡന്റ് റോയ് സി ആന്റണി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെസിഎ ഭാരവാഹികൾ അറിയിച്ചു.
ബഹ്‌റൈൻ പ്രതിഭ അനുശോചനം അറിയിച്ചു
ബഹ്‌റൈനിലെ മാധ്യമപ്രവർതതകനും 24ന്യൂസ് റിപ്പോർട്ടറുമായ ജോമോൻ കുരിശിങ്കലിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രതിഭ അനുശോചിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കുചേരുന്നതായി അനുശോചന കുറിപ്പിൽ അറിയിച്ചു.
മാധ്യമ പ്രവർത്തകൻ ജോമോൻ കുരിശിങ്കലിന്റ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു
ബഹ്‌റൈനിലെ മാധ്യമ പ്രവർത്തകൻ കോട്ടയം പുതുപ്പള്ളി ജോമോൻ കുരിശിങ്കലിന്റെ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈനിലെ സാമൂഹിക സംസ്‍കാരിക ഭൂമികയിലും വാട്സ്ആപ് കൂട്ടായ്മയുമായിലുമൊക്ക സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടായ അദ്ദേഹത്തിന്റെ വേർപാടിലും കുടുംബത്തിന്റെ ദുഃഖത്തിലും ഫ്രന്റ്സും പങ്ക് ചേരുന്നുവെന്നും അനുശോചനകുറിപ്പിൽ അറിയിച്ചു.
മാധ്യമ പ്രവർത്താൻ ജോമോന്റെ നിര്യാണത്തിൽ ഇന്ഡക്സ് ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി
ബഹ്‌റൈൻ മലയാളികൾക്കിടയിൽ ഏറെ പരിചിതനായ ജോമോന്റെ പെട്ടെന്നുള്ള വേർപാട് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.
ബഹ്‌റൈൻ ജനകീയ പലിശവിരുദ്ധ സമിതി അനുശോചനം രേഖപ്പെടുത്തി
ബഹ്‌റൈനിലെ മാധ്യമ പ്രവർത്തകനും 24 ന്യൂസ് മലയാളം ചാലൽ റിപ്പോട്ടറുമായ ജോമോൻ കുരിശിങ്കലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ബഹ്‌റൈൻ ജനകീയ പലിശവിരുദ്ധ സമിതി അനുശോചനം രേഖപ്പെടുത്തി. സമിതിയുടെ പ്രവർത്തനങ്ങളെ ജനങ്ങളിലെക്കെത്തിക്കുന്നതിൽ അത്യധികം താല്പര്യത്തോടെ കൂടെ നിന്നിട്ടുള്ളത് സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ ഓർമ്മിച്ചു.
ജോമോൻ കുരിശിങ്കലിൻ്റെ നിര്യാണത്തിൽ കുടുംബ സൗഹൃദ വേദി അനുശോചിച്ചു
കുടുംബ സൗഹൃദവേദിയുടെ അടുത്ത സുഹൃത്തും എല്ലാ പ്രോഗ്രാമുകളിലും നിറസാന്നിധ്യമായിരുന്ന ജോമോൻ കുരിശിങ്കലിന്റെ അകാല നിര്യാണത്തിൽ കുടുംബ സൗഹൃദവേദിയുടെ പ്രസിഡൻ്റ് ജേക്കബ് തേക്കൂതോട്, സെക്രട്ടറി എബി തോമസ്, രക്ഷാധികാരി അജിത്ത് കുമാർ, ട്രഷറർ തോമസ് ഫിലിപ്പ് ലേഡീസ് വിങ് പ്രസിഡൻറ് മിനി റോയ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിൻ്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി കുടുംബ സൗഹൃദവേദിയുടെ ഭാരവാഹികൾ അനുശോചന കുറിപ്പിൽ പറഞ്ഞു.
പി സി എഫ് ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി
24ന്യൂസ് ചാനലിന്റെ റിപ്പോർട്ടറും ബഹ്‌റൈൻ മലയാളികൾക്കിടയിൽ പ്രിയങ്കരനുമായിരുന്ന മാധ്യമ പ്രവർത്തകൻ ജോമോൻ കുരിശിങ്കലിന്റെ നിര്യാണത്തിൽ പി സി എഫ് ബഹ്‌റൈൻ നാഷണൽ കമ്മിറ്റി അനുശോചിച്ചു. സത്യസന്ധനും ഊർജ്വ സലനുമായ ഒരു പത്രപ്രവർത്തകനെയാണ് നഷ്ടമായെന്ന് പി സി എഫ് ഭാരവാഹികളായ റഫീഖ് പൊന്നാനി സഫീർ ഖാൻ കുണ്ടറ. നൗഷാദ് തിരൂർ സാദിഖ് ആലുവ. ജിനാസ് കിഴിശ്ശേരി എന്നിവർ അനുശോചനം സന്ദേശത്തിൽ പറഞ്ഞു.
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി
24 TV ബഹ്റൈൻ റിപ്പോർട്ടറും, ബഹ്റൈനിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും ക്യാമറാ പ്രൊഫഷനലുമായ, ശ്രീ ജോമോൻ കുരിശിങ്കൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി (06/02/21) അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി നേരുന്നതോടൊപ്പം കുടുംബത്തിന് ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജോമോൻ്റെ അകാല നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെ മുഴുവൻ എക്സിക്യുട്ടീവ്സിൻ്റയും പേരിൽ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡണ്ട് സുധീർ തിരുനിലത്തും, സെക്ര.ജയേഷ്.വി.കെ യും അറിയിച്ചു.
ജോമോൻ കുരിശിങ്കലിന്റെ നിര്യാണത്തിൽ ഐവൈസിസി ബഹ്റൈൻ അനുശോചിച്ചു
ബഹ്റൈൻ പ്രവാസ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവും മാധ്യമ പ്രവർത്തകനും ആയിരുന്ന ജോമോൻ കുരിശിങ്കലിന്റെ അകാലത്തിൽ ഉള്ള വേർപാടിൽ ഐവൈസിസി ബഹ്റൈൻ അനുശോചനം അറിയിച്ചു.
അകാലത്തിൽ പൊലിഞ്ഞ ജോമോനു ആദരാഞ്ജലികൾ അർപ്പിച്ചു കെ.പി.എ ബഹ്‌റൈൻ
ബഹ്‌റൈനിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും 24 ന്യൂസ് ബഹ്‌റൈൻ റിപ്പോർട്ടറും ആയ ജോമോൻ കുരിശിങ്കലിന്റെ ആകസ്മിക നിര്യാണത്തിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈന്റെ അനുശോചനവും, ആദരാഞ്ജലികളും അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കെ.പി.എ നടത്തി വരുന്ന വിവിധ പരിപാടികളുമായി സഹകരിച്ചു കൊണ്ടിരുന്ന ജോമോന്റെ പെട്ടെന്നുണ്ടായ വിയോഗം കെ.പി.എ അംഗങ്ങൾക്ക് ആർക്കും ഉൾക്കൊള്ളാനാകുന്നില്ല എന്നും, ബഹ്‌റൈൻ മാധ്യമ, സാമൂഹിക, സാംസ്‌കാരിക രംഗത്തു എന്നും ജോമോന്റെ പേര് നിറഞ്ഞു നിൽക്കും എന്നും ദുഃഖാർത്ഥരായ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അനുശോചന സന്ദേശത്തിലൂടെ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
ജോമോൻ കുരിശുങ്കലിന്റെ വിയോഗം ബഹ്‌റൈൻ മലയാളി മാധ്യമ സാമൂഹിക മേഖലക്ക് നികത്താനാവാത്ത നഷ്ടം: ഇന്ത്യൻ സോഷ്യൽ ഫോറം
ബഹ്‌റൈൻ മാധ്യമ സാമൂഹിക രംഗത്തെ നിറ സാന്നിധ്യം ആയിരുന്ന ജോമോൻ കുരിശുങ്കലിന്റെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം ബഹ്‌റൈൻ മാധ്യമ സാമൂഹിക മേഖലക്ക് നികത്താനാവാത്ത നഷ്ടം ആണ്, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്ബറും സെക്രട്ടറി സൈഫുദ്ധീൻ അഴീക്കോടും അനുശോചന സന്ദേശത്തിൽ അറിയിച്ചു.