മനാമ: കോവിഡ് പ്രതിരോധ മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഒരു വനിതാ ബ്യൂട്ടി സലൂൺ അടച്ചുപൂട്ടുന്നതായി വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ചു. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കൊറോണ വൈറസ്സിൻ്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ലെന്ന തീരുമാനത്തെ ലംഘിച്ചുകൊണ്ട് സലൂണിൽ ഉപഭോക്താക്കൾക്ക് വേണ്ടി പതിവു സേവനം നടത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ജൂൺ 10 വരെ തുടരുന്ന നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രാജ്യത്തുടനീളം പരിശോധന ശക്തമായി തുടരുമെന്ന് വ്യവസായ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് അൽ അഷ്‌റഫ് പറഞ്ഞു.