ബഹ്റൈൻ കേരളീയ സമാജം ബഹ്റൈൻ ദേശീയ ദിനം സമുചിതവും വർണ്ണശബളവുമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
നാഷണൽ ഡേ ദിനമായ ഡിസംബർ പതിനാറിന് നടക്കുന്ന വിവിധ പരിപാടികളിൽ ബഹറൈൻ ഭരണാധികാരികൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് പോപ്പ് ആർട്ട് സംഘടിപ്പിക്കും. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പെയിൻ്റിങ്ങിൽ താൽപ്പര്യമുള്ളവർക്ക് പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. ഹീര ജോസഫ്, ഹരീഷ് മേനോൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് പോപ് ആർട്ട് സംഘടിപ്പിക്കുന്നത്.
ചിത്രകല ക്ലബ് നാഷണൽ ഡേയുമായി ബന്ധപ്പെട്ട ചിത്രരചനാമത്സരവും സംഘടിപ്പിക്കുന്നു. ചിത്രരചനയിൽ പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കളറിങ്ങ് മത്സരവും പതിനൊന്ന് മുതൽ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് ബ്യൂട്ടിഫുൾ ബഹ്റൈൻ എന്ന വിഷയത്തിലും പതിനെട്ട് വയസ്സിനുമേലുള്ളവർക്ക് ബഹ്റൈൻ ലൈഫ് എന്ന വിഷയത്തിലുമാണ് മത്സരം. ചിത്രരചന മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിനു രഞ്ജു( 33088068),റാണി രഞ്ജിത്ത്(39629148) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
പ്രശസ്ത സംവിധായകൻ ശ്രീ അടൂർ ഗോപാലകൃഷ്ണൻ്റെ സ്വയംവരം എന്ന മലയാളത്തിലെ ശ്രദ്ധേയമായ ചലച്ചിത്രത്തിന്റെ അൻപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സ്വയംവരം സിനിമയുടെ പ്രദർശനവും അന്നേ ദിവസം വൈകിട്ട് നാല് മണി മുതൽ നടക്കും. “ഒരു പെണ്ണും മൂന്നാണും”എന്ന പേരിൽ അടൂരിൻ്റെ നാല് കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ശ്രീ അനീഷ് നിർമലൻ സംവിധാനം നിർവഹിക്കുന്ന ദൃശ്യാവിഷ്കാരവും നടക്കും. തുടർന്ന് 7.30 മുതൽ നടക്കുന്ന സമ്മേളനത്തിൽ ബി കെ എസ് ഡ്രാമ ക്ലബ്, ഫിലിം ക്ലബ് എന്നിവയുടെ പ്രവർത്തനോദ്ഘാടനവും നടക്കും.
തുടർന്ന് “അഹ്ലൻ ബഹ്റൈൻ ” എന്ന പേരിൽ ബഹ്റൈനിലെ പ്രമുഖ ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന സിനിമാറ്റിക്ക് നൃത്ത പരിപാടികളിൽ നൂറിലധികം കലാകാരന്മാർ പങ്കെടുക്കും. വിനയചന്ദ്രൻ മാവേലിക്കര, മനോജ് യു സദ്ഗമയ എന്നിവർ ആണ് ബി കെ എസ് ഫിലിം ക്ലബിന് വേണ്ടി നൃത്ത പരിപാടികൾ ഏകോപനം നടത്തുന്നത്. സമാജത്തിൻ്റെ ബഹ്റൈൻ ദേശീയ ദിനാഘോഷ പരിപാടികളിലേക്ക് പ്രവേശനം സൗജന്യമാണ്.
വിശദ വിവരങ്ങൾക്ക് മെമ്പർഷിപ്പ് സെക്രട്ടറി ദിലീഷ് കുമാർ (39720030),ഫിലിം ക്ലബ് കൺവീനർ അരുൺ ആർ പിള്ള (34020650), എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.