മനാമ: ബഹ്റൈൻ നാടകലോകത്തും നാട്ടിലെ നാടക പ്രവർത്തകർക്കിടയിലും പ്രമുഖനായിരുന്ന ദിനേശ് കുറ്റിയിലിന്റെ ഒന്നാം ചരമ വാർഷികത്തിൽ ഒരുമ പ്രവർത്തകർ അനുസ്മരണ ചടങ്ങ് നടത്തി. ജീവിതം കലയ്ക്കും നാടകത്തിനുമായി ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന് പുതിയ നിരവധി നാടക പ്രവർത്തകരെ പരിശീലനത്തിലൂടെയും ക്യാമ്പുകളിലൂടെയും സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞതായി പ്രസിഡന്റ് വിനീഷ് മടപ്പള്ളി പറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയ നാടക പ്രവർത്തകർക്ക് ഉത്തേജന പ്രവർത്തനങ്ങളുമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ നാടകവണ്ടിയുമായി സഞ്ചരിക്കുമ്പോൾ കോവിഡ് പിടിപെട്ട അദ്ദേഹം ചികിത്സയിലിരിക്കേയാണ് മരണമടഞ്ഞത്. മരണം വരെ നാടകത്തെ നെഞ്ചോട് ചേർത്ത് ജീവിച്ച കലാകാരനായിരുന്നു ദിനേശ് കുറ്റിയിൽ എന്ന് സെക്രട്ടറി സവിനേഷ് അനുസ്മരിച്ചു. യു.കെ ബാലൻ, പുഷ്പരാജ്, സജിത്ത് വെള്ളിക്കുളങ്ങര എന്നിവർ സംസാരിച്ചു. രബീഷ് നന്ദി പറഞ്ഞു.