മനാമ: വിശുദ്ധ ഉംറ നിർവഹിച്ചു തിരിച്ചു വന്നവർക്ക് ഫ്രന്റ്സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രന്റ്സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ “ഉംറക്ക് ശേഷം എന്ത് ” എന്ന വിഷയത്തിൽ സി.എം. മുഹമ്മദ് അലി പഠന ക്ലാസ് നടത്തി. ഉംറയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തങ്ങളുടെ ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസികളുടെ ജീവിതത്തിൽ മരണചിന്തയും പരലോകബോധവും വർധിപ്പിക്കാൻ ഉംറ കാരണമാവണം. പ്രവാചകന്മാരായ ഇബ്രാഹിം, ഇസ്മായിൽ, മുഹമ്മദ് നബി, സ്വഹാബികൾ തുടങ്ങിയവരുടെ ജീവിതത്തിലൂടെയുള്ള ഓർമകളുടെ സഞ്ചാരം കൂടിയാണ് വിശുദ്ധഭൂമിയിലൂടെയുള്ള യാത്ര. അവരുടെ മാതൃകകൾ ജീവിതത്തിലേക്ക് പകർത്താനും ഉംറ പ്രചോദനമാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രികർ തങ്ങളുടെ യാത്രാ അനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ചു.
ഫ്രന്റ്സ് സ്റ്റഡി സർക്കിൾ രക്ഷാധികാരി സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.പി. ജാസിർ സ്വാഗതം പറഞ്ഞു. യാത്ര അമീർ അബ്ദുൽ ഹഖ് സമാപനപ്രസംഗം നിർവ്വഹിച്ചു.