മനാമ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും സന്ദേശവുമായി എത്തുന്ന ഓണത്തെ വരവേൽക്കാൻ ലുലു ഹൈപ്പർമാർക്കറ്റുകൾ ഒരുങ്ങി. ഓണം കെങ്കേമമാക്കാൻ വിപുലമായ തയാറെടുപ്പുകളാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 24 മുതൽ 29 വരെയാണ് ഓണം പ്രമോഷൻ. ഓണക്കാലത്തെ വരവേറ്റുകൊണ്ട് ലുലു ദാനമാളിൽ ഉദ്ഘാടനച്ചടങ്ങ് നടന്നു. നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
മലയാളികളുടെ മനം കവരുന്ന സദ്യയുടെ മാതൃകയിൽ തീർത്ത കേക്ക് മുറിച്ചുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. ലുലു കൺട്രി മാനേജർ ജൂസർ രൂപാവാല അടക്കം പ്രമുഖർ സന്നിഹിതരായിരുന്നു. തിരുവാതിരകളി, കഥകളി, പുലിക്കളി തുടങ്ങിയവയുടെ അവതരണവും ഉദ്ഘാടനച്ചടങ്ങിന് കൊഴുപ്പേകി. ഓണപ്പുടവയണിഞ്ഞ മലയാളി മങ്കമാരും കേരളീയ വസ്ത്രങ്ങളിൽ പുരുഷൻമാരും അണിനിരന്നു.
ഓണവിഭവങ്ങൾ ഒരുക്കാൻ ആവശ്യമായ സകല സാധനങ്ങളും ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
കാബേജ്, മത്തൻ, ഏത്തക്കായ, ബീറ്റ്റൂട്ട്, വെള്ളരി, ചേന, ഇഞ്ചി, മുരിങ്ങക്കായ തുടങ്ങിയ എല്ലാതരം പച്ചക്കറികളും വിലക്കുറവിൽ ലഭിക്കും. ഗൃഹോപകരണങ്ങൾക്കും പലചരക്ക് സാധനങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗാർമെന്റ്സ്, സാരി, ചുരിദാർ, ലേഡീസ് ബാഗുകൾ, പാദരക്ഷകൾ, കുട്ടികൾക്കാവശ്യമായ സാധനങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ, സൈക്കിൾ എന്നിവ വാങ്ങാൻ 10 ദിനാർ മുടക്കുമ്പോൾ അഞ്ച് ദിനാറിന്റെ ഷോപ്പിങ് വൗച്ചർ സമ്മാനമായി ലഭിക്കും. ആരുടേയും മനം കവരുന്ന ഓണക്കോടികളുടെ അതിവിപുല ശേഖരവും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.
24 വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് ലുലുവിലെ മറ്റൊരു പ്രധാന സവിശേഷത. ചോറ്, സാമ്പാർ, പരിപ്പ്, രസം, അവിയൽ, തോരൻ, കാളൻ, ഓലൻ, പച്ചടി, എരിശ്ശേരി, കൂട്ടുകറി, പാലടപ്പായസം, ഗോതമ്പ് പ്രഥമൻ തുടങ്ങിയവയെല്ലാം അടങ്ങിയതാണ് ഓണസദ്യ. 2.390 ദീനാറാണ് ഓണസദ്യയ്ക്ക് വില. ഓണസദ്യ ആവശ്യമുള്ളവർക്ക് കസ്റ്റമർ സർവിസ് കൗണ്ടറുകളിൽ ആഗസ്റ്റ് 28 വരെ ബുക്ക് ചെയ്യാവുന്നതാണ്. തിരുവോണ ദിവസം ഉച്ചക്ക് 11 മുതൽ രണ്ടുവരെ ലുലു ഹൈപ്പർമാർക്കറ്റുകളിൽനിന്ന് ഓണസദ്യ വാങ്ങാം.
പൂക്കളത്തിനാവശ്യമായ എല്ലാത്തരം പൂക്കളും എത്തിയിട്ടുണ്ട്. പൂക്കൾ കിലോക്ക് 2.990 ദീനാർ നിരക്കിൽ ലഭിക്കും. പായസങ്ങളുടെ വിപുലമായ ശ്രേണിയും ലുലുവിലുണ്ട്. ഓരോരുത്തർക്കും ആവശ്യമായ പായസങ്ങൾ തിരഞ്ഞെടുക്കാം. എല്ലാ അർഥത്തിലും ബഹ്റൈനിലെ പ്രവാസി മലയാളികൾക്ക് മറക്കാനാവാത്ത ഓണവിരുന്നാണ് ലുലു സമ്മാനിക്കുന്നത്.