മനാമ: ബഹ്റൈനില്‍ നിന്നും കണ്ടെടുത്ത നാല് അപൂര്‍വ ശിലാ ശകലങ്ങള്‍ യുനെസ്‌കോ രജിസ്ട്രിയില്‍. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിലൊന്നിലേക്ക് വെളിച്ചം വീശുന്ന ശിലാ ശകലങ്ങള്‍ ‘ലോകത്തിന്റെ ഓര്‍മ്മ’ എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യുനസ്‌കോയുടെ പട്ടികയിലുള്ള ദില്‍മുന്‍ ബ്യൂറിയല്‍ മൗണ്ട്‌സ്, ഖലാത്ത് അല്‍ ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുത്ത ശിലാശകലങ്ങള്‍ ‘ദില്‍മുനിലെ രാജാക്കന്മാരുടെ ശിലാപാത്രങ്ങളിലെ ക്യൂണിഫോം ലിഖിതങ്ങള്‍ (ഏകദേശം ബിസി 1700)’ എന്ന പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏകദേശം നാല് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് സ്റ്റീറ്റൈറ്റിലും ക്ലോറൈറ്റിലും കൊത്തിയെടുത്ത ഇവ രാജകൊട്ടാരത്തിനുള്ളിലും ഔദ്യോഗിക ശവസംസ്‌കാര ചടങ്ങുകളിലും ഉപയോഗിച്ചിരുന്നു. ക്യൂണിഫോം ലിഖിതങ്ങളില്‍, ‘അക്കറമിലെ ഇന്‍സാക്കിന്റെ സേവകനായ റിമത്തിന്റെ മകന്‍ യാഗ്ലി എലിന്റെ കൊട്ടാരം’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.