small icons
small icons

മരുന്ന് വിവരങ്ങള്‍ പുതുക്കുന്ന നടപടികള്‍ ലഘൂകരിച്ച് ബഹ്റൈന്‍; അനുമതിക്കുള്ള സമയപരിധി കുറച്ചു

New Project - 2026-04-30T195602.167

മനാമ: ബഹ്റൈനിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള സര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമായി, രജിസ്റ്റര്‍ ചെയ്ത മരുന്നുകളുടെ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള സംവിധാനത്തില്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എന്‍എച്ച്ആര്‍എ) പരിഷ്‌കാരങ്ങള്‍ വരുത്തി.

മരുന്നുകളുടെ സുരക്ഷ, ഗുണനിലവാരം, ഫലപ്രാപ്തി എന്നിവയില്‍ കര്‍ശനമായ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് മരുന്ന് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് എളുപ്പമാക്കുന്ന രീതിയിലാണ് പുതിയ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത മരുന്നുകളിലെ പ്രധാന മാറ്റങ്ങള്‍ക്കുള്ള അംഗീകാര സമയം 45 പ്രവൃത്തി ദിവസങ്ങളില്‍ നിന്ന് 40 ദിവസമായി കുറച്ചു. നിസാരമായ മാറ്റങ്ങള്‍ ഇനി മുതല്‍ 7 പ്രവൃത്തി ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ‘അദ്വയ’ സിസ്റ്റം വഴി അപേക്ഷകള്‍ ഇലക്ട്രോണിക് ആയി സമര്‍പ്പിക്കാം. രേഖകള്‍ അപ്ലോഡ് ചെയ്യാനും ഫീസ് അടയ്ക്കാനും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാം.

ഏകീകൃത സംവിധാനത്തിലൂടെ പരിശോധനാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുകയും അതേസമയം തന്നെ അനാവശ്യമായ അനുമതികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ പ്ലാറ്റ്ഫോമുകളിലും ഏകീകരിച്ചതോടെ സുതാര്യത വര്‍ദ്ധിച്ചു.

‘ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ ആഗോള നിലവാരത്തിനൊപ്പം എത്തുന്നതിനുമുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ഈ പരിഷ്‌കാരത്തിലൂടെ പ്രതിഫലിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ അധ്വാനവും സമയവും കുറയ്ക്കുന്നതിനൊപ്പം വിപണിയില്‍ മരുന്നുകളുടെ സുരക്ഷിതവും കാര്യക്ഷമവുമായ വിതരണം ഉറപ്പാക്കുകയുമാണ് ലക്ഷ്യം’, എന്‍എച്ച്ആര്‍എ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. അഹമ്മദ് മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.

‘തവാസുല്‍’ പ്ലാറ്റ്ഫോം വഴി ലഭിച്ച പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിക്ഷേപകരുടെ നിര്‍ദ്ദേശങ്ങളും പരിഗണിച്ചാണ് ഈ മാറ്റങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. നിലവില്‍ വിവിധ മേഖലകളിലായി എണ്ണൂറോളം സര്‍ക്കാര്‍ സേവനങ്ങള്‍ ഇത്തരത്തില്‍ പുനര്‍ക്രമീകരിച്ചു വരികയാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!