മനാമ: ബഹ്റൈനിൽ തൊഴിൽ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി 2026-ന്റെ ആദ്യ പകുതിയിൽ എൽ.എം.ആർ.എ (LMRA) നടത്തിയത് 21,000-ത്തിലധികം പരിശോധനകൾ. സ്ഥാപനങ്ങളിലും വാണിജ്യ വിപണികളിലുമായി നടത്തിയ പരിശോധനകൾക്ക് പുറമെ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് 625 സംയുക്ത പരിശോധനാ ക്യാമ്പെയ്നുകളും സംഘടിപ്പിച്ചതായി അതോറിറ്റി വ്യക്തമാക്കി.
തൊഴിൽ-നിയമ കാര്യ മന്ത്രിയും എൽ.എം.ആർ.എ ബോർഡ് ചെയർമാനുമായ യൂസഫ് ഖലഫിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന എൽ.എം.ആർ.എ ഭരണസമിതി യോഗത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിബ്രാസ് താലിബ് ഉൾപ്പെടെയുള്ള ബോർഡ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
തൊഴിൽ വിപണിയെയും സാമ്പത്തിക മുന്നേറ്റത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ സ്ട്രാറ്റജിക് പ്ലാനുകളുടെ പുരോഗതി യോഗം വിലയിരുത്തി. ബോർഡ് യോഗത്തിൽ എൽ.എം.ആർ.എ സി.ഇ.ഓ നിബ്രാസ് താലിബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സർക്കാർ ഡാറ്റാബേസുകളുമായി ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ സംയോജിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. 2026-ന്റെ ആദ്യ ആറുമാസത്തിനിടെ ലഭ്യമാക്കിയ സേവനങ്ങളിൽ 85 ശതമാനവും ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയായിരുന്നു എന്നത് ജനങ്ങൾക്കിടയിലെ ഉയർന്ന ഡിജിറ്റൽ സ്വീകാര്യതയെ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









