മനാമ: ബഹ്‌റൈൻ കേരള സീനിയർ സിറ്റിസൺസ് സംഘടനയുടെ നേതൃത്വത്തിൽ മെയ് ദിനാഘോഷം ബി.എം.സി ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. സംഘടനയുടെ പ്രസിഡന്റായ രത്നകുമാർ പാലയാട്ട് അധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ഇ. വി. രാജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. തന്റെ ഉദ്ഘാടന പ്രസംഗത്തിൽ, ഹായ്‌മാർക്കറ്റ് അഫ്ഫയർ ൽ നിന്നാരംഭിച്ച തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ 30 വർഷത്തിനിടെ തൊഴിലിടങ്ങളിലും സാമൂഹ്യ രംഗത്തും ഉണ്ടായ മാറ്റങ്ങളെ വിശദമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, 30 വർഷത്തിലധികമായി ജോലിചെയ്ത, ചെയ്യുന്ന സീനിയർ സിറ്റിസൺസ് ഗ്രൂപ്പിലെ ഭൂരിപക്ഷം അംഗങ്ങളും തൊഴിലാളി പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നും ആ മാറ്റങ്ങൾ അവരുടെ ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും വ്യക്തമാക്കി. അവകാശങ്ങളും കടമകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നത് കൂടി ആയിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
സംഘടനയുടെ ജനറൽ സെക്രട്ടറി പ്രസന്നൻ കൊടുങ്ങല്ലൂർ സ്വാഗതം പറഞ്ഞു. ഷാജി കൊല്ലം നന്ദി രേഖപ്പെടുത്തി. വൈസ് പ്രസിഡണ്ട് ജോണി താമരശ്ശേരി മെയ്ദിന സന്ദേശം നൽകി, ഹുസൈൻ വയനാട്, മനോജ് വടകര, എം.എ. റഹ്‌മാൻ, രാജേഷ് പെരുംകുഴി,ഷമീമ ടി. എം, അജിത ഷാജി, ഷാജഹാൻ കരുവന്നൂർ, രാജീവ് കോഴിക്കോട്, അരുൺ ഇ. ജി, ഹബീബ് കെ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പരിപാടികളുടെ ഭാഗമായി കേക്ക് മുറിച്ച് മധുരം നുണഞ്ഞുകൊണ്ട് ചടങ്ങ് സമാപിച്ചു.









